ഏ​ഷ്യ​ൻ ക​പ്പ് ​ഫു​ട്ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ജോ​ർ​ഡ​നെ നേ​രി​ടു​ന്നു

ഏഷ്യൻ കപ്പ് ഫുട്ബാൾ: കുവൈത്തിന് യോഗ്യത നേടാനായില്ല

കുവൈത്ത് സിറ്റി: കുവൈത്തിന് ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് യോഗ്യത നേടാനായില്ല. രണ്ടു ഗോളിനെങ്കിലും ജയിക്കേണ്ടത് അനിവാര്യമായിരുന്ന മത്സരത്തിൽ കുവൈത്ത് കരുത്തരായ ജോർഡനോട് ഒന്ന് പൊരുതിനോക്കാൻപോലുമാകാതെ മൂന്നു ഗോളിന് ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജോർഡൻ ആധിപത്യം പുലർത്തി.

ആദ്യപകുതിയിൽ പൊരുതിനിന്ന കുവൈത്ത് രണ്ടാം പകുതിയിൽ നിരാശപ്പെടുത്തി. 62ാം മിനിറ്റിൽ അലി ഉൽവാനിലൂടെയാണ് ജോർഡൻ ആദ്യഗോൾ നേടിയത്. പൊരുതിനിന്നെങ്കിലും 89ാം മിനിറ്റിൽ മുഹമ്മദ് അൽ മർദിയിലൂടെ ജോർഡൻ രണ്ടാം ഗോൾകൂടി നേടി വിജയമുറപ്പിച്ചു. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റിൽ നൂർ അൽ റവാബ്ദിഹിലൂടെ മൂന്നാം ഗോളും നേടി ആധികാരികമായി ജയിച്ചുകയറി.

ഈ ജയത്തോടെ, ജോർഡൻ തുടർച്ചയായി നാലാം തവണയും എ.എഫ്‌.സി ഏഷ്യൻ കപ്പിന് യോഗ്യത നേടി. 1980ലെ ചാമ്പ്യന്മാരായ കുവൈത്ത് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ടു തവണ യോഗ്യത നേടാനാവാതെ പോയി. മുമ്പ് 1992, 2007, 2019 വർഷങ്ങളിൽ മാത്രമാണ് കുവൈത്ത് ഏഷ്യൻ കപ്പിന് യോഗ്യത നേടാതിരുന്നത്.

മറ്റൊരു മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച ഇന്തോനേഷ്യ എ ഗ്രൂപ്പിൽ ആറു പോയന്റ് നേടി രണ്ടാം സ്ഥാനക്കാരായി. നേപ്പാളിനെതിരായ ജയം കൈമുതലുള്ള കുവൈത്ത് മൂന്നാം സ്ഥാനത്തും എല്ലാ കളിയും തോറ്റ നേപ്പാൾ അവസാന സ്ഥാനത്തുമാണ്. 

Tags:    
News Summary - Asian Cup: Kuwait failed to qualify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.