കുവൈത്ത് സിറ്റി: മലേഷ്യയിൽ നടന്ന 19ാമത് ഏഷ്യൻ കരാട്ടേ ചാമ്പ്യൻഷിപ്പിൽ അവസാന ദിനത്തിൽ കുവൈത്തിന് രണ്ടു വെള്ളിയും ഒരു വെങ്കലവും. ഇതോടെ ചാമ്പ്യൻഷിപ്പിൽ ദേശീയ ടീം നേടിയ മൊത്തം മെഡലുകൾ രണ്ടു വെള്ളിയും രണ്ടു വെങ്കലവും അടക്കം നാലായി.
അവസാന ദിവസം മുഹമ്മദ് അൽ മുസാവി, സൽമാൻ അൽ മുസാവി, മുഹമ്മദ് ഹുസൈൻ എന്നിവർ ടീമിനെ പ്രതിനിധാനംചെയ്ത് (ഗ്രൂപ് കാറ്റ) മത്സരത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടിയതായി കുവൈത്ത് കരാട്ടേ ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഹമ്മദ് അൽ ദാഫിരി അറിയിച്ചു.
കുമിത്തെ ഗ്രൂപ് ഇന മത്സരത്തിൽ ടീം മൂന്നാം സ്ഥാനവും വെങ്കലവും നേടിയതായും അൽ ദാഫിരി കൂട്ടിച്ചേർത്തു. ടീമിനെ പ്രതിനിധാനംചെയ്ത് അബ്ദുല്ല ഷാബാൻ, ഒമർ അൽ കിനൈ, യൂസുഫ് ഹാജി, ഫഹദ് അൽ അജ്മി, സുൽത്താൻ അൽ മുതൈരി, അഹമ്മദ് അൽ മിസ്ഫർ, മുഹമ്മദ് അൽ മജാദി എന്നിവരാണ് കളത്തിലിറങ്ങിയത്. ഏഷ്യൻ കരാട്ടേ ഫെഡറേഷൻ പശ്ചിമേഷ്യൻ മേഖലയിലെ മികച്ച റഫറിക്കുള്ള അവാർഡ് കുവൈത്ത് രാജ്യാന്തര റഫറി അഹമ്മദ് ബസ്തകിക്ക് ലഭിച്ചതായും അഹമ്മദ് അൽ ദാഫിരി അറിയിച്ചു.
മലേഷ്യയിലെ മെലാക സിറ്റിയിലാണ് ചാമ്പ്യൻഷിപ് നടന്നത്. 31 രാജ്യങ്ങളിൽനിന്നുള്ള 400 കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കുവൈത്തിൽനിന്നുള്ള 14 അംഗ സംഘമാണ് മത്സരത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.