കുവൈത്ത് സിറ്റി: സുഡാനിലെ ഖർത്തൂമിലെ കുവൈത്ത് എംബസിയിലുള്ള സൈനിക ഓഫിസ് മേധാവിയുടെ വസതിയിൽ അതിക്രമിച്ചുകയറി കൊള്ളയടിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു സംഘം ആക്രമികള്‍ എംബസി സൈനിക ഓഫിസ് മേധാവിയുടെ വസതിയിൽ അതിക്രമിച്ചുകയറിയത്.
ആക്രമണം ഒരുരീതിയിലും അംഗീകരിക്കാനാവുന്നതല്ലെന്ന് വ്യക്തമാക്കിയ കുവൈത്ത് വിദേശകാര്യ മന്ത്രാലയം, നയതന്ത്ര ദൗത്യങ്ങളെയും അവരുടെ കെട്ടിടങ്ങളെയും ലക്ഷ്യംവെക്കുന്നത് ശക്തമായി എതിർത്തു.
ഇത്തരം ആക്രമണങ്ങൾ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും 1961ലെ വിയന കൺവെൻഷന്റെയും നയതന്ത്ര ബന്ധങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
നയതന്ത്ര ഉദ്യോഗസ്ഥർക്കും സ്റ്റാഫുകൾക്കും കെട്ടിടങ്ങൾക്കും വസ്തുവകകൾക്കും പൂർണ സംരക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ മന്ത്രാലയം ഔദ്യോഗിക അധികാരികളോടും സുഡാനിലെ എല്ലാ ബന്ധപ്പെട്ട കക്ഷികളോടും ആഹ്വാനം ചെയ്തു. ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.