കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നവർ അംഗീകൃത ടാക്സി സർവിസുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. അനധികൃതമായി സർവിസ് നടത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇത്തരം വാഹനങ്ങളെ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും താൽക്കാലിക ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് ഗതാഗത വകുപ്പ് വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചത്. യാത്രക്കാരെ കൊണ്ടുവിടാനും സ്വീകരിക്കാനുമെത്തുന്ന സ്വകാര്യ വാഹനങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ ആരംഭിച്ച പരിശോധനയിൽ 20 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ മുഖമായ വിമാനത്താവളത്തിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് അനധികൃത ടാക്സി സർവിസുകൾക്കെതിരെയുള്ള കാമ്പയിൻ.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അനധികൃത ടാക്സി സർവിസുകളെ ആശ്രയിക്കരുതെന്നും അധികൃതർ ഓർമപ്പെടുത്തി. അംഗീകൃത എയർപോർട്ട് ടാക്സികളിലെ ഡ്രൈവർമാർ പ്രത്യേക പരിശീലനം ലഭിച്ചവരാണ്, ഇത്തരം വാഹനങ്ങളിൽ സുരക്ഷയും, സാധനങ്ങൾ മറന്നുവെച്ചാൽ തിരികെ ലഭിക്കാൻ എളുപ്പമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.