കുവൈത്ത് സിറ്റി: ആത്മീയവും ആഹ്ലാദകരവുമായ അന്തരീക്ഷത്തിൽ രാജ്യത്തെ ഇസ്ലാം മതവിശ്വാസികൾ ബുധനാഴ്ച ബലിപെരുന്നാൾ ആഘോഷിച്ചു.ബലിപെരുന്നാൾ പ്രാർഥനക്കായി പള്ളികളിലും മൈതാനങ്ങളിലും പ്രായഭേദമന്യേ ഒത്തുകൂടിയ ജനങ്ങൾ പരസ്പരം ആശംസകൾ അറിയിച്ചും മധുരം കൈമാറിയും ആഹ്ലാദം പങ്കുവെച്ചു.
എല്ലാ ഗവർണറേറ്റുകളിലും പ്രാർഥനകൾക്കായി പള്ളികളും മൈതാനങ്ങളും ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം പ്രത്യേകം അനുവദിച്ചിരുന്നു. പുലർച്ചെ പള്ളികളിലും ഈദ്ഗാഹുകളിലുമെത്തിയ വിശ്വാസികൾ തഖ്ബീർ ധ്വനികളോടെ പെരുന്നാളിനെ വരവേറ്റു. രാവിലെ 5.06നായിരുന്നു പെരുന്നാൾ നമസ്കാരം.
ഇബ്രാഹീം പ്രവാചകന്റെയും കുടുംബത്തിന്റെയും സ്മരണകൾ പുതുക്കിയ ഖത്തീബുമാർ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം ഉണർത്തി. ജീവിതവിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തിന്റെ പ്രചാരകരാകാനും ആഹ്വാനംചെയ്തു. പെരുന്നാൾ നമസ്കാരത്തിനു പിറകെ ബലികർമത്തിനും തുടക്കമായി.
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിറകുവശത്തെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ്ഗാഹിന് ഷാനിബ് പേരാമ്പ്ര നേതൃത്വം നൽകി. സാൽമിയ അബ്ദുല്ല വുഹൈബ് പള്ളിയിൽ ഹാഫിള് മുബഷിർ സലഫിയും മഹ്ബൂല പഴയ നാസർ സ്പോർട്സ് ബിൽഡിങ് പള്ളിയിൽ ജൈസൽ മൗലവിയും മങ്കഫ് ഫാത്തിമ അജ്മി പള്ളിയിൽ മുർഷിദ് അരീക്കാടും ഖുതുബക്ക് നേതൃത്വം നൽകി.
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫഹാഹീൽ സനയ്യ മസ്ജിദിൽ ബലിപെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. നമസ്കാരത്തിന് ആദിൽ സലഫി നേതൃത്വം നൽകി. ഈദിന്റെ സന്തോഷ സുദിനങ്ങളിൽ പ്രവാചകൻ ഇബ്രാഹീം നബിയുടെ ആത്മസമർപ്പണത്തിൽനിന്നും മാതൃക ഉൾക്കൊള്ളാനും ധാരാളമായി ദൈവപ്രകീർത്തനങ്ങൾ നടത്താനും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
പെരുന്നാൾ നമസ്കാരത്തിലും തുടർന്ന് നടന്ന ഖുതുബ പ്രസംഗത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി വിശ്വാസികൾ പങ്കെടുത്തു. നമസ്കാരശേഷം മധുരപലഹാര വിതരണം ചെയ്തു. വിശ്വാസികൾ പരസ്പരം ആശംസകൾ കൈമാറി ആഹ്ലാദം പങ്കിട്ടു.
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികൾ ഈദ്ഗാഹുകളിലും പള്ളികളിലും നമസ്കാരത്തിൽ പങ്കെടുത്തു.സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത ഇമാമുമാർ പ്രവാചകൻ ഇബ്രാഹീമിന്റെ ത്യാഗനിർഭരമായ ജീവിതം മാതൃകയാക്കാൻ വിശ്വാസികളോട് ആഹ്വാനംചെയ്തു.
ഈദ്ഗാഹുകളിൽ നടന്ന പ്രാർഥനക്കും പ്രഭാഷണത്തിനും എസ്.എം. ബഷീർ (അബ്ബാസിയ പാർക്ക്), അലിഫ് ഷുക്കൂർ (ബാലദിയ പാർക്ക്, ഫഹാഹീൽ), മുഹമ്മദ് ഷിബിലി (ബാലദിയ പാർക്ക്, കുവൈത്ത് സിറ്റി) എന്നിവരും പള്ളികളിൽ നടന്ന പ്രാർഥനക്കും പ്രഭാഷണത്തിനും ജവാദ് നദീർ (റിഗ്ഗഇ സഹ്വ് ഹംദാൻ അൽ മുതൈരി മസ്ജിദ്), മുഹമ്മദ് ജുമാൻ (മെഹ്ബൂല സഹ്മി ഫഹദ് ഹാജിരി മസ്ജിദ്), സിജിൽ ഖാൻ (സാൽമിയ ആഇശ മസ്ജിദ്) എന്നിവരും നേതൃത്വം നൽകി.
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ നൂറുകണക്കിന് വിശ്വാസികൾ സന്നിഹിതരായി. പരീക്ഷണ, പ്രതിസന്ധി കാലഘട്ടങ്ങളിൽ സ്രഷ്ടാവിലേക്ക് സമ്പൂർണമായി മടങ്ങാൻ സമൂഹം തയാറാവണമെന്ന് ഈദ്ഗാഹുകളിലൂടെ ഇമാമുമാർ ഓർമിപ്പിച്ചു. ഇബ്രാഹീം നബിയിലൂടെയും ഇസ്മായിൽ നബിയിലൂടെയും ലഭിച്ച ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മാതൃക നമ്മുടെ ജീവിതത്തിലുമുണ്ടായിരിക്കണമെന്നും ഖത്തീബുമാർ ഉദ്ബോധിപ്പിച്ചു.
സാൽമിയ അമ്മാൻ സ്ട്രീറ്റിലുള്ള മസ്ജിദ് അൽ നിംഷിന് സമീപ ഗ്രൗണ്ടിൽ ഈദ്ഗാഹിൽ പി.എൻ. അബ്ദുറഹ്മാനും അബ്ബാസിയ്യ ഇൻറർഗ്രേറ്റഡ് സ്കൂളിന് പിൻവശത്ത് നടന്ന ഈദ്ഗാഹിൽ അബ്ദുസ്സലാം സ്വലാഹിയും ഫർവാനിയ ബ്ലോക്ക് നാലിലെ പാർക്കിന് സമീപം ഈദ്ഗാഹിൽ ഷബീർ സലഫിയും ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടാഫിൽ ഈദ്ഗാഹിൽ അബ്ദുൽ മജീദ് മദനിയും ഫഹാഹീൽ ദാറുൽ ദബ്ബൂസ് പാർക്കിലെ ഈദ്ഗാഹിൽ ഇഹ്സാൻ അൽ ഹിക്മിയും മംഗഫ് മലയാള ഖുതുബ പള്ളിക്കു സമീപത്തെ ഈദ്ഗാഹിൽ അബ്ദുറഹ്മാൻ തങ്ങളും പ്രാർഥനക്കും ഖുതുബക്കും നേതൃത്വം നൽകി.
ഫർവാനിയ, ഹവല്ലി, ജഹറ, ഖൈത്താൻ, മഹബൂല, ശർഖ് സ്ഥലങ്ങളിൽ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിൽ യഥാക്രമം എൻ.കെ. അബ്ദുസ്സലാം, നജീബ് പാടൂർ, അസ്ലം ആലപ്പി, സ്വാലിഹ് സുബൈർ, സിദ്ദീഖ് ഫാറൂഖി, നിഹ്മത്തുല്ല എന്നിവർ പ്രാർഥനക്കും ഖുതുബക്കും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.