കുവൈത്ത് സിറ്റി: ടെലിഫോൺ നമ്പറുകൾ ആൾമാറാട്ടം നടത്തി അന്താരാഷ്ട്ര സംഘങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അജ്ഞാത കാളുകൾ സൂക്ഷിക്കാൻ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി വിദഗ്ധനായ എൻജിനീയർ ക്യുസൈ അൽ ഷാത്തി മുന്നറിയിപ്പ് നൽകി.
സംശയം ഉള്ള കാളുകളോട് പ്രതികരിക്കാനോ തിരിച്ചുവിളിക്കാനോ ശ്രമിക്കരുതെന്നും അൽ റായി മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ അൽ ഷാത്തി പറഞ്ഞു. ‘ക്ഷണ കോളുകൾ’ എന്ന് വിളിക്കാവുന്ന ചെറു കാളുകളോ, മിസ്ഡ് കാളുകളോ ആൾമാറാട്ട നമ്പറിൽനിന്ന് അയക്കും. തിരികെ വിളിക്കുമ്പോൾ, യഥാർഥ നമ്പർ ഉപയോഗിച്ച് പ്രതികരിക്കും. ഇത്തരത്തിൽ രണ്ടു കക്ഷികളെയും സംഘങ്ങളുടെ ഇരകളാക്കും.
ഉത്തരം ലഭിക്കാത്ത കാളുകളും, യഥാർഥ നമ്പറിന്റെ ഉടമ വിളിച്ചിട്ടില്ലെന്നും തെളിഞ്ഞാൽ തട്ടിപ്പ് സംഘങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഉണർത്തി. ഔദ്യോഗിക അധികാരികൾ ഫോണിലൂടെ ഒരു വിവരവും ആവശ്യപ്പെടുന്നില്ല. പ്രശ്ന പരിഹാരത്തിന് ഓഫിസുകളും സ്ഥാപനങ്ങളും സന്ദർശിക്കാനാണ് അധികാരികൾ ആവശ്യപ്പെടാറെന്നും സൂചിപ്പിച്ചു. ഫോൺ നമ്പർ ആപ്പുകൾ, ഫോണുകൾ ഹാക്ക് ചെയ്യൽ എന്നിവ വഴി കോൺടാക്റ്റ് ലിസ്റ്റുകൾ ഉൾപ്പെടെ നേടാൻ വിവിധ രീതികളുണ്ടെന്നും അൽ ഷാത്തി ഉണർത്തി.
പരിചിതമല്ലാത്ത വിദേശ നമ്പറിൽനിന്നും മിസ്ഡ് കാൾ അടിക്കുകയും തിരിച്ചുവിളിച്ചാൽ വൻ തുക നഷ്ടമാകുകയും ചെയ്യുന്ന തട്ടിപ്പ് നേരത്തേ പലയിടത്തും സജീവമായിരുന്നു. ഇത്തരം വിളികളിൽ ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം കൂട്ടാന്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത ശബ്ദനിർദേശങ്ങളും മറ്റും തട്ടിപ്പുകാരന് ഉപയോക്താക്കളെ കേള്‍പ്പിക്കും. കൂടുതല്‍ സമയം ഫോണ്‍ കാളില്‍ തുടര്‍ന്നാല്‍ കൂടുതല്‍ പണം ഫോണ്‍ ഉടമക്ക് നഷ്ടമായിക്കൊണ്ടിരിക്കും. ഈ ഫോണ്‍ കാളുകള്‍ക്ക് ഈടാക്കുന്ന തുകയുടെ വിഹിതമാണ് തട്ടിപ്പുകാരന്റെ ലാഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.