കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന കാമ്പയിന്‍ നടത്തുന്നു. ഇറാഖ് അധിനിവേശ വാര്‍ഷികത്തോടനുബന്ധിച്ച് 'എക്കാലവും നാം ഒരുമിച്ച്' തലക്കെട്ടില്‍ തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് രക്തദാന കാമ്പയിന്‍ നടത്തുന്നത്. ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ പത്തുമുതല്‍ ജാബിരിയ, അദാന്‍ ബ്ലഡ് ബാങ്കുകളില്‍ രക്തം സ്വീകരിക്കും.
മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്ക് മാത്രം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എത്തി രക്തം നല്‍കാം. കോവിഡ് പശ്ചാത്തലത്തില്‍ രക്തം നല്‍കുന്നവരുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് ഇത്തവണ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം അനുമതി നല്‍കുന്നത്.
അധിനിവേശകാലത്ത് രാജ്യത്തിനായി രക്തസാക്ഷികളായവരെ സ്മരിക്കാനും രക്തബാങ്കില്‍ രക്തത്തിന് ക്ഷാമം ഉള്ളതുകൊണ്ടുമാണ് കാമ്പയിന്‍ നടത്തുന്നത്. താല്‍പര്യമുള്ള സ്വദേശികളും വിദേശികളും എത്തണമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. മലയാളി സംഘടനകള്‍ ഉള്‍പ്പെടെ ജാബിരിയയിലെ രക്തബാങ്കില്‍ രക്തദാന ക്യാമ്പ് നടത്തുന്നത് ആശ്വാസമാവുന്നുവെങ്കിലും ഇപ്പോഴും ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. നെഗറ്റീവ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ അപൂര്‍വ രക്തങ്ങള്‍ക്കാണ് ഏറെ ക്ഷാമം. നെഗറ്റീവ് ഗ്രൂപ്പുള്ളവര്‍ രക്തം നല്‍കാന്‍ എത്തുകയാണെങ്കില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ രോഗികള്‍ക്ക് വലിയ ആശ്വാസമാവും.
സ്ത്രീ പുരുഷ ഭേദമന്യേ ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം നടത്താം. 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള 45 കിലോക്ക് മുകളില്‍ ശരീരഭാരമുള്ളവരായിരിക്കണം. ദാതാവിന്റെ ശരീരത്തിലെ അഞ്ച് ലിറ്ററിലധികം വരുന്ന രക്തത്തില്‍നിന്ന് 350 മില്ലി ലിറ്റര്‍ രക്തം മാത്രമാണ് ഒരു പ്രാവശ്യം ശേഖരിക്കുന്നത്. അതും അയാളുടെ ശാരീരിക അവസ്ഥ പരിഗണിച്ചുകൊണ്ടായിരിക്കും. രക്തം നല്‍കി 24 മണിക്കൂറിനകം എത്ര രക്തം നല്‍കിയോ അത്രയും രക്തം ശരീരം വീണ്ടും ഉല്‍പാദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.