കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഇംഗ്ലീഷ്, ലൈബ്രറി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ പുസ്തക ദിനവും ഷേക്സ്പിയർ ദിനവും ആഘോഷിച്ചു. പുസ്തകങ്ങളുടെ പ്രാധാന്യത്തെ മുഖ്യവിഷയമാക്കി പന്ത്രണ്ടാം തരത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച പ്രഭാത അസംബ്ലിയിലൂടെ ആഘോഷങ്ങളുടെ തിരശ്ശീല ഉയർന്നു. ഇഷ്ട കഥാപാത്രങ്ങളുടെ വേഷം അണിഞ്ഞെത്തിയ വിദ്യാർഥികൾ പ്രവൃത്തികളിലൂടെ അവക്ക് ജീവൻ നൽകി.
വർണക്കടലാസിൽ ഷേക്സ്പിയർ പദ്യങ്ങൾ, വിഖ്യാത വാചകങ്ങൾ എന്നിവ എഴുതി ജൂനിയർ വിദ്യാർഥികളും ഷേക്സ്പിയർ നാടകങ്ങളുടെ പുസ്തകത്തിന് പുറംചട്ട വരച്ചു സ്കൂൾ അങ്കണത്തിലെ ചുവരുകൾ വർണശബളമാക്കി സീനിയർ വിദ്യാർഥികളും ആഘോഷത്തിന്റെ ഭാഗമായി.
15 മിനിറ്റ് മണിമുഴക്കത്തിന്റെ അകമ്പടിയോടെ അധ്യാപകരും വിദ്യാർഥികളും വായന നേരമായും ഉപയോഗിച്ചു. ക്ലാസ് ലൈബ്രറിയുടെ ആരംഭം കുറിക്കുന്നതിനു മുന്നോടിയായി കുട്ടികൾ അവരുടെ പുസ്തകശേഖരണം പ്രദർശിപ്പിച്ചു.
പ്രിൻസിപ്പൽ കെ. ഗംഗാധർ ശീർഷത്, വൈസ് പ്രിൻസിപ്പൽ സുഷ്മിത പ്രകാശ്, അക്കാദമിക് കോഓഡിനേറ്റർ ഭവ്യത അവസ്തി എന്നിവർ വിദ്യാർഥികൾക്ക് ആശംസ നേർന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി അഞ്ജലി രഞ്ജൻ, പുസ്തകദിനം കോഓഡിനേറ്റർ ഉമ്മു ഫാത്തിമ, സ്കൂൾ ലൈബ്രേറിയൻ ഷിംന, ഇംഗ്ലീഷ് അധ്യാപകർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.