കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം മുൻഗണന വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങി. രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മുൻനിര ആരോഗ്യപ്രവർത്തകർ, 60 വയസ്സ് കഴിഞ്ഞവർ, ശരീരത്തിെൻറ പ്രതിരോധശേഷി കുറക്കുന്ന രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് മുൻഗണന നൽകി ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇവർക്ക് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. മുൻഗണന വിഭാഗത്തിൽ പെട്ടവരെ ആരോഗ്യമന്ത്രാലയംതന്നെ കണ്ടെത്തി ഇവരുടെ മൊബൈലിലേക്ക് വാക്സിൻ നൽകുന്ന തീയതിയും സമയവും സ്ഥലവും അറിയിച്ചുള്ള എസ്.എം.എസ് സന്ദേശം അയക്കുകയാണ് ചെയ്യുന്നത്.
വാക്സിൻ ലഭ്യതയനുസരിച്ച് മറ്റു വിഭാഗക്കാർക്കും വൈകാതെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ചത് ഏത് വാക്സിനാണെങ്കിലും ബൂസ്റ്ററായി ഫൈസർ ബയോൺടെക്കാണ് നൽകുന്നത്.
ആദ്യ രണ്ട് ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നു.
ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യംകൂടി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.