കുവൈത്ത് സിറ്റി: കുവൈത്തിൽ 12ാം ക്ലാസ് എഴുത്തുപരീക്ഷ തുടങ്ങി. 321 സ്കൂളുകളിലായി 49,000 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷക്കു മുന്നോടിയായി വിദ്യാർഥികൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ജൂണ്‍ 24ന് സമാപിക്കും.
വിദ്യാഭ്യാസമന്ത്രി ഡോ. അലി അൽ മുദഫ്, അണ്ടർ സെക്രട്ടറി അലി അൽ യാഖൂബ്, അസി. അണ്ടർ സെക്രട്ടറി ഉസാമ അൽ സുൽത്താൻ, ആറ് വിദ്യാഭ്യാസ മേഖലയിലെയും ഡയറക്ടർമാർ എന്നിവർ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ പരിശോധന നടത്തി. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരണം.
ഒാരോ ആരോഗ്യ മേഖലകളിലും നിശ്ചയിച്ച സ്കൂളുകളിൽ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് പരിശോധന സൗകര്യം ഒരുക്കുകയായിരുന്നു. റിലീജിയസ് സ്കൂൾ പരീക്ഷകളും 24ന് അവസാനിക്കും. മേയ് അവസാനം നടക്കേണ്ട പരീക്ഷ പത്തുദിവസം നീട്ടിവെക്കുകയായിരുന്നു.
വിദ്യാർഥികൾക്ക് എഴുത്തുപരീക്ഷക്ക് തയാറെടുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ അപേക്ഷയും പാർലമെൻറ് അംഗങ്ങളുടെ ശിപാർശയും പരിഗണിച്ചാണ് പ്ലസ്ടു പരീക്ഷയും അതോടൊപ്പം പത്താം ക്ലാസിലെ ഒാൺലൈൻ പരീക്ഷ ഉൾപ്പെടെ മറ്റു പരീക്ഷകളും 10 ദിവസത്തേക്ക് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.