കുവൈത്ത് സിറ്റി: രാജ്യത്തെ താപനിലയിൽ വരും ദിവസങ്ങളിൽ കുറവുണ്ടാകുമെന്ന് സൂചന നൽകി കാലാവസ്ഥ നിരീക്ഷണം. അടുത്തയാഴ്ച ദിവസം മുഴുവൻ തണുത്തതും മിതമായതുമായ കാലാവസ്ഥയിൽ തുടരും. രാത്രി തണുപ്പ് വർധിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. തീരപ്രദേശങ്ങളിൽ കാറ്റിന് ശക്തികൂടും.
രാത്രിയാകുമ്പോൾ പകലിനെ അപേക്ഷിച്ച് താപനിലയിൽ വലിയ കുറവുണ്ടാകും. ഇത് തണുത്ത അവസ്ഥ സൃഷ്ടിക്കും.
വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയി തുടരും. കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിലെ പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അതേസമയം കുറഞ്ഞ താപനില ഒമ്പതു ഡിഗ്രി സെൽഷ്യസിലേക്ക് താഴും.
പ്രതിരോധ വസ്ത്രങ്ങൾ നിർബന്ധം
കുവൈത്ത് സിറ്റി: തണുപ്പുകാലത്ത് അതിനെ പ്രതിരോധിക്കുന്നതിനുള്ള വസ്ത്രം ധരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് വൈകുന്നേരവും രാത്രിയും. കട്ടിയുള്ള മേൽ വസ്ത്രങ്ങൾ തണുപ്പിനെതിരെ ശരീരത്തിന് സംരക്ഷണം നൽകുന്നു.
വസ്ത്രത്തിന്റെ ഘടന, കാറ്റിന്റെ വേഗം, ഈർപ്പം, താപനില തുടങ്ങിയ പാരിസ്ഥിതിക സവിശേഷതകൾ വ്യക്തികൾക്ക് അനുഭവപ്പെടുന്ന തണുപ്പിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കാം. ഇതിന് അനുസരിച്ച വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.
വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വായു പ്രവേശനക്ഷമത, വെള്ളം തുളച്ചുകയറുന്നതിനുള്ള സാധ്യത എന്നിവ ശ്രദ്ധിക്കണം. തലയും ചെവിയും മൂടുന്ന തൊപ്പിയും വസ്ത്രങ്ങളും ധരിക്കുന്നത് തണുപ്പിനെ പ്രതിരോധിക്കാൻ നല്ലതാണ്. തീരദേശവാസികൾ തണുപ്പിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ നിന്നുള്ള പ്രതിരോധത്തിന് കൂടുതൽ ശ്രദ്ധ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.