കുവൈത്ത് സിറ്റി: ശൈത്യകാലത്ത് കൊടിയ ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് പിന്തുണയുമായി കുവൈത്ത് സന്നദ്ധ സംഘടന. ഗസ്സയിൽ കുടിയിറക്കപ്പെട്ടവർക്ക് കുവൈത്ത് നാമ ചാരിറ്റബിൾ സൊസൈറ്റി ശൈത്യകാല സഹായങ്ങൾ വിതരണം ചെയ്തു.
ഇസ്രായേൽ ഉപരോധം, തുടർച്ചയായ ആക്രമണങ്ങൾ എന്നിവക്കിടയിലും 13,000 ലധികം ഗുണഭോക്താക്കൾക്ക് പുതപ്പുകൾ, ശീതകാല വസ്ത്രങ്ങൾ, ഹീറ്റിംഗ് സാമഗ്രികൾ, ശുചിത്വ വസ്തുക്കൾ എന്നിവ എത്തിച്ചതായി അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വിവിധ അസോസിയേഷനുകളുമായുള്ള ഫലപ്രദമായ പങ്കാളിത്തത്തിലൂടെസയാണ് ആവശ്യമായ കാര്യങ്ങൾ എത്തിച്ചത്.
1,104 കുടുംബങ്ങൾക്ക് ബ്ലാങ്കറ്റുകൾ, ഫ്ലോർ മാറ്റുകൾ, ശീതകാല വസ്ത്രങ്ങൾ, ആറ് വാട്ടർ ടാങ്കുകൾ, വിറക്, ഹീറ്ററുകൾ, 325 കുടുംബങ്ങൾക്ക് ശുചിത്വ പാക്കേജുകൾ, 125 കുടുംബങ്ങൾക്ക് മറ്റു സഹായങ്ങൾ എന്നിവയും എത്തിച്ചു.
മൊത്തം 13,070 ഗുണഭോക്താക്കൾക്ക് ഇത് ഉപയോഗപ്പെട്ടു. ദുരിതം അനുഭവിക്കുന്നവരോടും ഫലസ്തീനികളോടുമുള്ള കുവൈത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ് സഹായം.
ആഗോളതലത്തിൽ മാനുഷിക പ്രശ്നങ്ങളെ പിന്തുണക്കുന്നതിൽ കുവൈത്ത് മാതൃകയാണെന്നും അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു. ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും അസോസിയേഷൻ തുടർന്നും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.