കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ കുരങ്ങുപനി കേസുകളൊന്നും ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ദിനേന സൂക്ഷ്മമായി വിലയിരുത്തിവരുന്നുണ്ടെന്നും സംശയം തോന്നിയ ഒരു രോഗിക്ക് ത്വഗ് രോഗമാണെന്ന് കണ്ടെത്തിയതായും ആരോഗ്യകേന്ദ്രങ്ങൾ അറിയിച്ചു. രാജ്യത്തെ ആശുപത്രികളിലൊന്നും വെള്ളിയാഴ്ച വരെ രോഗബാധിതരൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സമീപഭാവിയിൽ കേസുകൾ സംഭവിക്കുകയാണെങ്കിൽ, രോഗത്തെ നേരിടാനുള്ള കാര്യങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി ചർച്ചചെയ്തിട്ടുണ്ട്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കൊറോണയെ നേരിട്ടതിന്റെ ഫലമായി സാംക്രമികരോഗങ്ങൾ കൈകാര്യംചെയ്യുന്നതിൽ രാജ്യത്തെ മെഡിക്കൽ, നഴ്സിങ് സ്റ്റാഫുകൾക്ക് മതിയായ പരിശീലനം ലഭിച്ചിട്ടുണ്ട്. അതിനാൽ ജനങ്ങൾക്കിടയിലും അന്താരാഷ്ട്ര യാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടെന്നും വിമാനത്താവളങ്ങളിൽ ആരോഗ്യ സുരക്ഷ കർശനമാക്കേണ്ടതില്ലെന്നുമാണ് തീരുമാനം.
പുതിയ കണക്കുകൾപ്രകാരം, 92 വ്യത്യസ്ത രാജ്യങ്ങളിലായി 40,000 കുരങ്ങുപനി കേസുകളുണ്ട്, 12 പേർ മരിച്ചു. യു.എസിൽ 14,000 കേസുകൾ റിപ്പോർട്ട് ചെയ്തു.
സ്പെയിൻ- 5000, യു.എ.ഇ-16, ലബനാൻ- 6, സൗദി -6, ഖത്തർ- 3, മൊറോക്കോ, സുഡാൻ എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.