കുവൈത്ത് സിറ്റി: വയനാട് മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിലെ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ വയനാട് കലക്ടറേറ്റിൽ സന്ദർശനം നടത്തി.
സന്ദർശന വേളയിൽ വയനാട് ജില്ല കലക്ടർ, സബ്കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുൾപ്പെടെ പ്രധാന പ്രാദേശിക ഉദ്യോഗസ്ഥരും സാമൂഹികപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനാവശ്യമായ നിർദേശങ്ങൾ തേടുകയും ചെയ്തു.
തന്റെ മുൻകാല വാഗ്ദാനങ്ങൾക്ക് അനുസൃതമായി, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തങ്ങളുടെ സംഭാവനയുടെ ഭാഗമായി സർക്കാർ അനുവദിച്ച ഭൂമിയിൽ മെട്രോ മെഡിക്കൽ ഗ്രൂപ് 25 വീടുകൾ നിർമിക്കാനുള്ള പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. കൂടാതെ ആവശ്യമായ മെഡിക്കൽ സഹായങ്ങൾ, അടിയന്തര സേവനങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മുച്ചക്രവാഹനങ്ങൾ എന്നിവ ലഭ്യമാക്കുമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് അറിയിച്ചു. ദുരിതബാധിതരായ ജനവിഭാഗങ്ങളുടെ ദുരിതാശ്വാസ, വീണ്ടെടുക്കൽ പ്രവർത്തനങ്ങളിൽ സഹായിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിരുന്നു സന്ദർശനം.
454 വീടുകളാണ് വേണ്ടതെങ്കിലും ഇതുവരെ ആയിരത്തിൽ പരം വീടുകൾ നിർമിച്ചു നൽകാനുള്ള സഹായവാഗ്ദാനങ്ങൾ വിവിധ മേഖലകളിൽ നിന്നും, വ്യക്തികളിൽ നിന്നും , സംഘടനകളിൽ നിന്നുമെല്ലാമായി എത്തിയിട്ടിട്ടുണ്ടെന്നും, മുസ്തഫ ഹംസയെപ്പോലുള്ള വ്യക്തികളുടെ സമർപ്പണവും അതിർത്തിക്കപ്പുറമുള്ള ആളുകളുടെ കൂട്ടായ പരിശ്രമവും വയനാടിന്റെ വീണ്ടെടുക്കലിനും പുനർനിർമ്മാണ പ്രക്രിയയ്ക്കും നിർണായകമാണെന്നും ആറ് മാസത്തിനുള്ളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ജില്ല കളക്ടർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.