കുവൈത്ത് സിറ്റി: നൈറ്റ് കാം (ഉറക്ക ഗുളിക) ഗുളികകളുടെ ഉപയോഗം, കൈവശംവെക്കൽ, പ്രമോഷൻ, ഇറക്കുമതി, വിൽപന എന്നിവയിൽ രാജ്യത്ത് കർശന നിയന്ത്രണം. മെഡിക്കൽ രേഖകളോ കുറിപ്പടിയോ ഇല്ലാതെ ഇത് ഉപയോഗിക്കൽ ശിക്ഷാർഹമായ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നൈറ്റ് കാം ദുരുപയോഗം ചെയ്യപ്പെടുന്നതായും ലഹരിവസ്തുവായി ചിലർ ഉപയോഗിക്കുന്നതുമായ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ലഹരിവസ്തുക്കളെ ചെറുക്കുന്നതിനുള്ള നിയമപ്രക്രാരമാണ് മരുന്നിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
സോപിക്ലോൺ എന്ന മരുന്ന് നൈറ്റ് കാം എന്ന പേരിലും മറ്റ് ജനറിക് പേരുകളിലും വിൽക്കുന്നുണ്ട്. ഉറക്കമില്ലായ്മ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഈ മരുന്ന് സാധാരണയായി ഒന്നുമുതൽ രണ്ടാഴ്ചയോ അതിൽ താഴെയോ ചെറിയ ചികിത്സ കാലയളവിലേക്ക് പരിമിതപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
മരുന്നിന്റെ സ്ഥിരമായ ഉപയോഗം വിഷാദം, ആസക്തി, ഉത്കണ്ഠ തുടങ്ങിയ ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അംഗീകൃത മെഡിക്കൽ സ്പെഷലിസ്റ്റിന്റെ മേൽനോട്ടത്തിൽ ഉപയോഗിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിച്ചേക്കാമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. നേരത്തേ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.