കുവൈത്ത് സിറ്റി: ചൈനയുമായി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി ചൈനീസ് വൈസ് വിദേശകാര്യ മന്ത്രി ഡെങ് ലി, പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും അസിസ്റ്റന്റ് അംബാസഡർ വാങ് ഡി, ചൈനീസ് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരുമായി കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സമീഹ് ഹയാത്ത് ചർച്ച നടത്തി.
കുവൈത്ത്-ചൈന സഹകരണത്തിനായുള്ള മൂന്നാം സെഷന്റെ ഭാഗമായി നടന്ന ചർച്ചകളിൽ വാണിജ്യ, സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, പുനരുപയോഗ ഊർജ, വ്യവസായ തലങ്ങളിലെ സഹകരണം, പൊതുവായ പ്രശ്നങ്ങൾ എന്നിവ അഭിസംബോധന ചെയ്തതായി സമീഹ് ഹയാത്ത് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും വ്യതിരിക്തവുമായ ബന്ധങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ച ഹയാത്ത്, വിവിധ മേഖലകളിലെ തന്ത്രപരമായ ബന്ധം സംരക്ഷിക്കുന്നതിനായി മുതിർന്ന തലത്തിലുള്ള പരസ്പര സന്ദർശനങ്ങളുടെ വെളിച്ചത്തിലാണ് ഈ കൂടിയാലോചനകൾ നടന്നതെന്നും വ്യക്തമാക്കി.
യോഗങ്ങൾ സൗഹാർദപരമായ അന്തരീക്ഷത്തിലായിരുന്നു. ചർച്ച ചെയ്ത വിഷയങ്ങളിൽ ഇരുപക്ഷവും യോജിപ്പുള്ള വീക്ഷണങ്ങൾ പ്രകടിപ്പിച്ചു. കുവൈത്ത്-ചൈന വിദേശ വകുപ്പുകൾ തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ ചട്ടക്കൂടിലാണ് കൂടിക്കാഴ്ചകൾ നടന്നതെന്നും സമീഹ് ഹയാത്ത് കൂട്ടിച്ചേർത്തു. ചൈനയിലെ കുവൈത്ത് എംബസി ആക്ടിങ് ചാർജ് ഡി അഫയേഴ്സ് മുസൈദ് ശരീദ, മുതിർന്ന ഉദ്യോഗസ്ഥരായ അലി ഹമാദ, മർസൂഖ് അൽ ഹസ്ം എന്നിവരും യോഗങ്ങളിൽ പങ്കെടുത്തു.
തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നത് സൂചിപ്പിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിന് കത്തെഴുതിയിരുന്നു. ചൈനീസ് ഉപ വിദേശകാര്യ മന്ത്രി ഡെങ് ലീയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സമീഹ് ഹയാത്ത് കത്ത് കൈമാറി. കുവൈത്ത്-ചൈനീസ് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണ സംവിധാനത്തെക്കുറിച്ചുള്ള മൂന്നാം റൗണ്ട് മീറ്റിങ്ങുകളിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്നത് സമീഹ് ഹയാത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.