കുവൈത്ത് സിറ്റി: അഴിമതിയുമായി ബന്ധപ്പെട്ട സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണത്തിന് ബ്രിട്ടീഷ് ഏജൻസിയായ ഗ്ലോബൽ പാർട്ണേഴ്സ് ഗവേണൻസ് സഹായം ലഭ്യമാക്കും. ഇതുസംബന്ധിച്ച് അഴിമതി വിരുദ്ധ പബ്ലിക് അതോറിറ്റി ജി.പി.ജിയുമായി കരാറിൽ ഒപ്പിട്ടു. യൂറോപ്യൻ വിമാനക്കമ്പനിയായ എയർബസിൽനിന്ന് യാത്രാവിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ഇൻറലിജൻസ് ഒാൺലൈൻ എന്ന വെബ്സൈറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഉൾപ്പെടെ വലിയ ഇടപാടുകളിൽ അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കാനാണ് അന്താരാഷ്ട്ര ഏജൻസിയുടെ സഹായം തേടുന്നത്.
ഗൾഫിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും രാഷ്ട്രീയ നേതാക്കളും എം.പിമാരും സർക്കാർ വകുപ്പുകളും ഉൾപ്പെട്ട അഴിമതി കേസുകളിൽ അന്വേഷണം നടത്തിയ പരിചയവും വൈദഗ്ധ്യവും ജി.പി.ജിക്കുണ്ട്. എത്ര വർഷത്തേക്കാണ് അഴിമതി വിരുദ്ധ പബ്ലിക് അതോറിറ്റി ജി.പി.ജിയുമായി കരാറിൽ ഒപ്പിട്ടതെന്നോ കരാർ തുകയോ വ്യക്തമല്ല.
സഹകരിച്ച് പ്രവർത്തിക്കാനും ഒാരോ കേസുകളും പ്രത്യേകം പരിഗണിക്കാനുമാണ് ധാരണയായതെന്നാണ് സൂചന. അഴിമതിക്കെതിരെ കർശന നടപടികളുമായി അധികൃതർ മുന്നോട്ടുപോകുകയാണ്. രാജ്യത്ത് പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിവരം നൽകുന്നവർക്ക് സമ്മാനമായി പണം നൽകുമെന്ന വാഗ്ദാനം അഴിമതി വിരുദ്ധ അതോറിറ്റി നടപ്പാക്കിത്തുടങ്ങി. ഇത്തരത്തിൽ ആദ്യത്തെ പ്രതിഫലം കഴിഞ്ഞ മാസം നൽകി.
സ്വദേശികൾക്കും വിദേശികൾക്കും വിവരം നൽകാം. ലഭിച്ച വിവരത്തിെൻറ ആധികാരികത അഴിമതി വിരുദ്ധ അതോറിറ്റി പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് വിസിൽ ബ്ലോവർക്ക് സമ്മാനം നൽകുക. രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കുകയാണ് ലക്ഷ്യം. അഴിമതി നടത്തുകയും പൊതുമുതൽ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ നടപടി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.