കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് അവധിക്കുപോയി തിരിച്ചുവരാൻ സാധിക്കാത്ത പ്രവാസികളുടെ രജിസ്ട്രേഷന് വേണ്ടി പ്രത്യേക വെബ്സൈറ്റ് ഒരുങ്ങുന്നു. വിമാന സർവിസ് ഇല്ലാത്ത 34 രാജ്യങ്ങളിൽനിന്ന് മുൻഗണനാക്രമത്തിൽ വിദേശി ജീവനക്കാരെ തിരിച്ചെത്തിക്കാനാണ് രജിസ്ട്രേഷൻ. കോവിഡ് നിയന്ത്രണങ്ങൾമൂലം കുവൈത്തിലേക്ക് തിരികെ എത്താൻ സാധിക്കാത്ത സർക്കാർ ജീവനക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പേരുവിവരങ്ങൾ ശേഖരിക്കാനുള്ള നടപടി തുടങ്ങിയത്.
ഇതിെൻറ ഭാഗമായി രജിസ്ട്രേഷന് വേണ്ടിയുള്ള പ്രത്യേക വെബ്സൈറ്റ് വൈകാതെ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിലേക്ക് വിമാന സർവിസിന് വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്താം.മുൻഗണനാക്രമം അനുസരിച്ച് ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളാണ് പരിഗണിക്കുന്നത്.പ്രധാനമായും ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിലെ ജീവനക്കാരുടെ മടക്കമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവർ, കടബാധ്യത, വാടക കുടിശ്ശിക എന്നിവ തീർപ്പാക്കാനുള്ളവർ, സേവനനാന്തര ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ളവർ തുടങ്ങിയവർക്കും മുൻഗണന നൽകും.കോവിഡ്മുക്ത സർട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി ഹോട്ടലുകൾ ഉൾപ്പെടെ സജ്ജീകരിക്കുന്ന നടപടികളും വിവിധ മന്ത്രാലയങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.