കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന അഭ്യർഥനയുമായി ട്രാവൽ ഓഫിസസ് യൂനിയൻ. വിവിധ രാജ്യങ്ങളിലെ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തേക്കുള്ള യാത്രാമാനദണ്ഡങ്ങളിൽ കുവൈത്ത് മന്ത്രിസഭ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതേ തുടർന്നാണ് ടൂറിസം-ട്രാവൽ രംഗത്തുള്ള സ്ഥാപനങ്ങളുടെ കൂട്ടായ്മ അഭ്യർഥനയുമായി എത്തിയത്. കോവിഡ് വാക്സിെൻറ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നാണ് ട്രാവൽ യൂനിയെൻറ ആവശ്യം. നിലവിലെ യാത്രാനുമതി മാറ്റമില്ലാതെ നിലനിർത്തി ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കണം. വിവിധ രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ ആരോഗ്യ സ്ഥിതിക്ക് സ്ഥിരത കൈവന്നിട്ടുണ്ട്. അത് കണക്കിലെടുത്തുള്ള നടപടികൾ ഉണ്ടാകണം. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് യാത്രാനന്തരം ഹോം ക്വാറൻറീൻ ഏർപ്പെടുത്തേണ്ടതില്ലെന്നും പഴയ നിയന്ത്രങ്ങളിലേക്ക് മടങ്ങിയാൽ രാജ്യത്തെ സാമ്പത്തിക മേഖല വീണ്ടും പ്രതിസന്ധിയിലാകുമെന്നും ട്രാവൽ ഓഫിസസ് യൂനിയൻ ചൂണ്ടിക്കാട്ടി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്. ജനുവരി രണ്ടിനാണ് നിയമം പ്രാബല്യത്തിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.