കുവൈത്ത് സിറ്റി: അടിയന്തര സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്താനായി കുവൈത്തിലെ ഇന്ത്യൻ എംബസി സന്നദ്ധ പ്രവർത്തക സംഘം രൂപവത്കരിക്കുന്നു. പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സേവന സന്നദ്ധരായ ഒരുകൂട്ടം ആളുകളെ സജ്ജരാക്കിനിർത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച എംബസി പ്രവാസി സംഘടനകളുടെ ഒാൺലൈൻ യോഗം വിളിച്ചു. നിസ്വാർഥരും സത്യസന്ധരുമായ സന്നദ്ധ പ്രവർത്തകരുടെ പേര് നിർദേശിക്കാൻ സംഘടനകളോട് അംബാസഡർ ആവശ്യപ്പെട്ടു.
അതേസമയം, സന്നദ്ധ പ്രവർത്തകൻ എന്ന പദവി ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ എംബസിയുടെ കർശന നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വളൻറിയർമാരായിരുന്ന ചിലരെ സംബന്ധിച്ച് ആക്ഷേപം ഉണ്ടായിട്ടുണ്ട്. ഇത് ആവർത്തിക്കാൻ അനുവദിക്കില്ല.
സന്നദ്ധ പ്രവർത്തനത്തിന് എംബസിയുടെ മാർഗനിർദേശം ഉണ്ടാകും. പ്രത്യേകാധികാരമല്ല സന്നദ്ധ പ്രവർത്തക പദവി. സാധാരണക്കാരെ സഹായിക്കാനുള്ള അവസരം മാത്രമാണെന്ന് അംബാസഡർ സിബി ജോർജ് കൂട്ടിച്ചേർത്തു. ഇന്ത്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് കുവൈത്ത് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും വൈകാതെ നേരിട്ടുള്ള യാത്രാസൗകര്യങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.