കുവൈത്ത് സിറ്റി: അബൂദബി രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് യു.എ.ഇയിൽ എത്തി. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധി ആയാണ് പ്രധാനമന്ത്രി യു.എ.ഇയിൽ എത്തിയത്. പ്രതിരോധ മന്ത്രി ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹും മുതിർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ചനടത്തിയ പ്രധാനമന്ത്രി അനുശോചനം നേരിട്ട് അറിയിച്ചു. അബൂദബി രാജകുടുംബത്തിലെ മറ്റു അംഗങ്ങളെയും കുവൈത്ത് സംഘം സന്ദർശിച്ചു. നിര്യാണത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് നേരത്തെ അനുശോചന സന്ദേശം അയച്ചിരുന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും നിര്യാണത്തിൽ അനുശോചിച്ചിരുന്നു.
അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാന്റെ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ് യാൻ വ്യാഴാഴ്ചയാണ് അന്തരിച്ചത്. നേരത്തെ രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്ന ഇദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.