കുവൈത്ത് സിറ്റി: ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയ വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വ്യത്യസ്ത വ്യക്തിനിയമങ്ങളെന്നും ബഹുസ്വരതയുടെ ആധാരമായ സാംസ്കാരിക വൈവിധ്യങ്ങളെ നിരാകരിക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി എതിർക്കണമെന്നും കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫർവാനിയ സോൺ സംഘടിപ്പിച്ച സെമിനാർ. ക്ഷേമരാഷ്ട്രനിർമിതിക്കായുള്ള ഒട്ടേറെ മാർഗനിർദേശങ്ങൾ ഇനിയും നടപ്പാക്കാൻ ബാക്കിയിരിക്കെ, അപ്രായോഗികവും അനാവശ്യവും അനഭിലഷണീയവുമെന്ന് മുൻനിയമകമീഷൻ വിലയിരുത്തിയ ഏകീകൃത വ്യക്തിനിയമത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ തിടുക്കം കാണിക്കുന്നത് രാജ്യതാൽപര്യം മുൻനിർത്തിയല്ല. വ്യക്തിനിയമങ്ങൾ ഏകീകരിച്ച് എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് പറയുന്നവർതന്നെ ചില വിഭാഗങ്ങൾക്ക് ബാധകമാവില്ലെന്ന് പറയുന്നതിലൂടെ ലക്ഷ്യം ഐക്യമല്ല, ഭിന്നിപ്പുണ്ടാക്കലാണെന്ന് വ്യക്തമാകുന്നു. അധികാരത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് മതനിരപേക്ഷ നിലപാടുകളിലൂടെ പ്രതിരോധിക്കാൻ എല്ലാവരും ചേർന്നുനിൽക്കണമെന്നും സെമിനാറിലെ പ്രഭാഷകർ ആഹ്വാനം ചെയ്തു.
ഖൈതാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഫർവാനിയ സോൺ ജനറൽ സെക്രട്ടറി ഷബീർ സലഫി അധ്യക്ഷത വഹിച്ചു. ‘വ്യക്തിനിയമം: വിശ്വാസവും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ കെ.സി. മുഹമ്മദ് നജീബ് വിഷയമവതരിപ്പിച്ചു.
കുവൈത്തിലെ വിവിധ മത, രാഷ്ട്രീയ സംഘടനകളെ പ്രതിനിധാനംചെയ്ത്, ഫാ. സുബിൻ ജോൺ(മലങ്കര ഓർത്തഡോക്സ് ചർച്ച്), ചെസ്സിൽ ചെറിയാൻ രാമപുരം (കോൺഗ്രസ്), ഹാരിസ് വള്ളിയോത്ത് (കെ.കെ.എം.സി.സി), സെമിൻ ആസ്മിൻ (കേരള അസോസിയേഷൻ), ശരീഫ് പി.ടി(കെ.ഐ.ജി), കെ.കെ.ഐ.സി കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. കേന്ദ്ര ദഅവ സെക്രട്ടറി പി.എൻ. അബ്ദുറഹ്മാൻ സമാപന പ്രസംഗം നടത്തി. ഫർവാനിയ സോൺ ഭാരവാഹികളായ ജഅഫർ ലുലു സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.