കുവൈത്ത് സിറ്റി: ദുർറ എണ്ണപ്പാടത്തിൽ ഇറാൻ അവകാശവാദം തള്ളി വീണ്ടും കുവൈത്ത്. മേഖല പൂർണമായും കുവൈത്തിന്റെയും സൗദി അറേബ്യയുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക് വ്യക്തമാക്കി. എണ്ണപ്പാടത്തെ കുറിച്ച പാർലമെന്ററി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇറാന്റെ അവകാശവാദങ്ങൾ തെറ്റാണ്, ദുർറ എണ്ണപ്പാടം കുവൈത്തിന്റെയും സൗദി അറേബ്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയിലെ പ്രകൃതിവിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള പൂർണ അവകാശം ഈ രാജ്യങ്ങൾക്കു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ദുർറ എണ്ണപ്പാടം ഉൾപ്പെടെ വിഭജിച്ച മേഖലയിലെ എല്ലാ പ്രകൃതി വിഭവങ്ങളിലും തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് കുവൈത്തും സൗദി അറേബ്യയും കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഈ മേഖലയിലെ സമ്പത്ത് വിനിയോഗിക്കുന്നതിന് പരമാധികാര അവകാശമുണ്ടെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഉദ്ധരിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി സൗദി അറേബ്യയുമായും കുവൈത്തുമായും ചർച്ചയിൽ ഏർപ്പെടാനും ഇറാനെ ക്ഷണിച്ചു.
കുവൈത്ത്, സൗദി, ഇറാന് സമുദ്രാതിര്‍ത്തികളിലായാണ് ദുര്‍റ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. എണ്ണപ്പാടത്തിന്റെ ഒരുഭാഗം കുവൈത്ത് സമുദ്രപരിധിയിലും മറ്റൊരുഭാഗം ഇതുവരെ അതിര്‍ത്തി നിര്ണയിക്കപ്പെട്ടിട്ടില്ലാത്ത കുവൈത്ത്, സൗദി സമുദ്രഭാഗങ്ങളിലുമാണ്. എന്നാല്‍, ഈഭാഗത്തിന്റെ കുറച്ച് തങ്ങളുടെ സമുദ്രപരിധിയിലും വരുന്നുണ്ടെന്നാണ് ഇറാന്റെ വാദം. ഇതംഗീകരിച്ചുകൊടുക്കാന്‍ കുവൈത്തും സൗദിയും തയാറായിട്ടില്ല. ഇരു രാജ്യങ്ങളും സംയുക്തമായി മേഖലയിൽ പര്യവേക്ഷണങ്ങൾ നടത്തിവരുന്നു.
2001ല്‍ തങ്ങളുടെ സമുദ്രപരിധിയെന്ന് അവകാശപ്പെടുന്നിടത്ത് ഇറാന് ഡ്രില്ലിങ് തുടങ്ങിയത് വിവാദമായിരുന്നു. പിന്നീട് അത് നിര്‍ത്തിവെച്ച ഇറാന് അടുത്തിടെ വീണ്ടും അവകാശവാദം ഉന്നയിച്ചിരുന്നു. അതിനിടെ, കുവൈത്തിലെ പുതിയ ഇറാൻ അംബാസഡർ മുഹമ്മദ് ടോട്ടോഞ്ചിയുടെ യോഗ്യതപത്രം വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് വ്യാഴാഴ്ച ഏറ്റുവാങ്ങി. കൂടിക്കാഴ്ചയിൽ ഇരുവരും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചചെയ്തു. ഇറാൻ വിദേശകാര്യമന്ത്രി ഡോ. ഹുസൈൻ അമിറബ്ദുള്ളാഹിയാന്റെ കത്ത് അംബാസഡർ ടോട്ടോഞ്ചി വിദേശകാര്യ മന്ത്രിക്ക് കൈമാറുകയും ചെയ്തു. ഇറാനിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനുള്ള ക്ഷണം ഉൾപ്പെടുന്നതാണ് കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.