കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ കുവൈത്ത് രാജ്യാന്തര വിമാനത്താവളം യാത്രക്കാരാൽ നിറയും. ഈ ദിവസങ്ങളിൽ ഏകദേശം 2,80,000 യാത്രക്കാർ പോകാനും വരാനുമായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഓപറേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി പറഞ്ഞു. ജൂൺ 27 മുതൽ ജൂലൈ രണ്ടു വരെയുള്ള ആറ് ദിവസമാണ് കൂടുതൽ യാത്രക്കാർ. ഈ സമയത്ത് 2,116 വിമാനങ്ങൾ സർവിസ് നടത്തും.
ദുബൈ, തുർക്കിയ, ഈജിപ്ത്, റിയാദ്, ജിദ്ദ, ലണ്ടൻ എന്നിവയാണ് കുവൈത്തിൽ നിന്നുള്ളവർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന ഇടങ്ങൾ.
ഇതിനൊപ്പം ഹജ്ജ് യാത്രക്കാരും വെള്ളിയാഴ്ച മുതൽ വിമാനത്താവളത്തിലെത്തും. കുവൈത്തിൽ നിന്നു ഹജ്ജ് വിമാനങ്ങൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കുവൈത്തിൽ കടുത്ത ചൂടുകാലമായതിനാൽ സ്വദേശികൾ പലരും തണുപ്പുള്ള രാജ്യങ്ങളിലേക്ക് യാത്ര ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾക്കും തിരക്ക് നിയന്ത്രിക്കുന്നതിനും അനധികൃത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനും ആഭ്യന്തര മന്ത്രാലയവുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്നും അൽ ഹാഷിമി പറഞ്ഞു. ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മെച്ചപ്പെടുത്തും. അവധിക്കാലത്ത് യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.