കുവൈത്ത് സിറ്റി: രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിറക്കി. പുതിയ സർക്കാർ രൂപവത്കരിക്കാനും മന്ത്രിമാരെ തിരഞ്ഞെടുക്കാനുമുള്ള ചുമലയും പ്രധാനമന്ത്രിക്ക് നൽകി. പ്രധാനമന്ത്രി ഇതിന്റെ വിവരങ്ങൾ അമീറിന് സമർപ്പിക്കും.
പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള പരമ്പരാഗത കൂടിയാലോചനകൾക്ക് ശേഷമാണ് അമീർ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ അമീർ മുൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, മുൻ പ്രധാനമന്ത്രിമാർ, ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, സ്പീക്കർ, മുൻ സ്പീക്കർ എന്നിവരുമായി കൂടിയാലോചന നടത്തിയിരുന്നു.
ഡിസംബർ 20ന് പുതിയ അമീർ സത്യപ്രതിജ്ഞ ചെയ്തതിന് പിറകെയാണ് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സമർപ്പിച്ചത്. അമീർ ഇത് അംഗീകരിക്കുകയും അദ്ദേഹത്തെ തന്നെ താൽക്കാലിക ചുമതല ഏൽപിക്കുകയും ചെയ്തു. പുതിയ പ്രധാനമന്ത്രി മന്ത്രിസഭയിലെ അംഗങ്ങളെ നിശ്ചയിക്കും. ഇത് വൈകാതെ ഉണ്ടാകും.
കുവൈത്ത് സിറ്റി: ഭരണതലത്തിലും അക്കാദമിക് തലത്തിലും മികവ് തെളിയിച്ച വ്യക്തിയാണ് കുവൈത്ത് പുതിയ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ്. കുവൈത്ത് രാജകുടുംബത്തിൽ 1955 ഒക്ടോബർ 10നാണ് ജനനം.
കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ സാലിം അസ്സബാഹ്, നിലവിലെ അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ സഹോദരി ശൈഖ നൂരിയ അഹമ്മദ് അസ്സബാഹിന്റെ മകനാണ്.
കാലിഫോർണിയയിലെ ക്ലെയർമോണ്ട് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മിഡിൽ ഈസ്റ്റേൺ പഠനത്തിലും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടി. 1979-1985 കാലയളവിൽ കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് കോമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ടീച്ചിങ് അസിസ്റ്റന്റും മിഷൻ അംഗവും ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചു.
1985ൽ ഡിപ്പാർട്ട്മെന്റിൽ പ്രഫസറായി നിയമിതനായി. 1987 മുതൽ 1988 വരെ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിൽ നിയമിതനായി. 1993ൽ അമേരിക്കയിലെ കുവൈത്ത് അംബാസഡറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2001 വരെ യു.എസിലെ കുവൈത്ത് സ്ഥാനപതിയായി തുടര്‍ന്നു. തുടര്‍ന്ന് കുവൈത്ത് സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി. സാമൂഹികകാര്യ-തൊഴിൽ മന്ത്രി, ആക്ടിങ് ഓയിൽ മന്ത്രി എന്ന നിലകളിലും സേവനം ചെയ്തു.
കാബിനറ്റില്‍ ഉപപ്രധാനമന്ത്രിയായും നിയമിതനായി. 2011 ഒക്ടോബറിൽ പദവികൾ ഒഴിഞ്ഞു. തുടര്‍ന്ന് ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് ഫെലോ ആയി പ്രവര്‍ത്തിച്ചു. ഫെരിയാൽ ദുവായിജ് അൽ സൽമാൻ അസ്സബാഹ് ആണ് ഭാര്യ. നാല് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.