കുവൈത്ത് സിറ്റി: തൊഴിലാളികളെ ചൂഷണംചെയ്യുന്ന റിക്രൂട്ടിങ് ഏജൻറുമാരെ നിലക്കുനിർത്തുമെന്നും ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുമായി ഇക്കാര്യത്തിൽ ഏകോപനം നടത്തുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. സംസ്ഥാന ഭരണകൂടവും ജില്ല ഭരണകൂടങ്ങളും പ്രൊട്ടക്ടർ ഒാഫ് എമിഗ്രൻറ്സും വിഷയം നിരീക്ഷിക്കും. ജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവത്കരണം നടത്താൻ എല്ലാവരുടെയും സഹകരണമുണ്ടാകണം.
ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇന്ത്യയും കുവൈത്തും ഒപ്പിട്ട ധാരണപത്രം ചരിത്രപരമാണെന്നും ഏതാനും ദിവസങ്ങൾക്കകം സാേങ്കതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇത് പ്രാബല്യത്തിലാകും.
തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ധാരണപത്രം. ആദ്യമായാണ് ഇത്തരമൊരു കരാർ ഒപ്പിടുന്നത്. ഇരുരാജ്യങ്ങളിലെയും സർക്കാറുകൾ തമ്മിലുള്ള കരാർ ആണിത്. കുവൈത്തിലെ മൊത്തം ഗാർഹികത്തൊഴിലാളികളുടെ 47 ശതമാനം ഇന്ത്യക്കാരാണ്.
കുവൈത്തിൽ 3,43,000 ഇന്ത്യൻ ഗാർഹികത്തൊഴിലാളികളാണുള്ളത്.ഇതിൽ 71 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളുമാണ്.അവർക്ക് അന്തസ്സോടെ ജോലിയെടുക്കാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് സഹായിക്കുന്നതാണ് ധാരണപത്രം. ഇത് ജനങ്ങളിൽ എത്തിക്കണം.
ധാരണപത്രം അവലോകനം നടത്താനും വ്യവസ്ഥകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും എല്ലാവർഷവും ഇന്ത്യ–കുവൈത്ത് ജോയൻറ് കമ്മിറ്റി യോഗംചേരും. ഇടക്ക് ആവശ്യമെങ്കിൽ പ്രത്യേക യോഗംചേരും. തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും.
പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല. സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം. റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും ധാരണപത്രം സഹായിക്കും. റിക്രൂട്ട്മെൻറിെൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല.
പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും. കുവൈത്ത് തൊഴിൽനിയമത്തിെൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.