കുവൈത്ത് സിറ്റി: വിവിധ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്ത് തടയാനുള്ള കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ ശ്രമങ്ങളിലാണ് തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നായി ഇവ കണ്ടെത്തിയത്. 550 ഗ്രാം കഞ്ചാവ്, 37,000 ലിറിക്ക ഗുളികകൾ, 7.5 കിലോഗ്രാം ഹാഷിഷ്, 780 മറ്റ് മയക്കുമരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
1200 ട്രമാഡോൾ ഗുളികകളും 210 ഗ്രാം കഞ്ചാവും കടത്താനുള്ള ശ്രമം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞതായും മന്ത്രാലയം അറിയിച്ചു. ഫർണിച്ചറുകൾക്കുള്ളിൽ ഒളിപ്പിച്ച് ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ഷുവൈഖ് തുറമുഖത്തെ നോർത്തേൺ പോർട്ട് കസ്റ്റംസ് ഡിപ്പാർട്മെന്റും വിജയകരമായി തടഞ്ഞു. ഏകദേശം 1.8 ദശലക്ഷം ഗുളികകളാണ് കടത്താൻ ശ്രമം നടന്നത്. ചെരിപ്പ്, ഷൂ, വസ്ത്രങ്ങൾ എന്നിവക്കുള്ളിൽ ഒളിപ്പിച്ചാണ് ഗുളികകൾ കടത്താൻ ശ്രമം നടന്നത്.
നുവൈസീബ് തുറമുഖത്തുനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ ഡിക്കിക്കുള്ളിൽ ഒളിപ്പിച്ച ഒരു വ്യക്തിയെ പിടികൂടി അനധികൃത പ്രവേശന ശ്രമവും തടഞ്ഞു. സംഭവത്തിൽ പിടികൂടിയവരെയും കണ്ടുകെട്ടിയ വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.