കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരം ജനുവരി നാലിലേക്ക് മാറ്റി. നേരത്തേ മൂന്നിനായിരുന്നു ഫൈനൽ നിശ്ചയിച്ചിരുന്നത്. സെമി ഫൈനൽ നിശ്ചയിച്ച തിയതികളിൽ നടക്കുമെന്ന് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷൻ മത്സര കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മുഖ്രെൻ അറിയിച്ചു.
സെമി ഫൈനൽ മത്സരങ്ങൾ നേരത്തെ നിശ്ചയിച്ചതു പ്രകാരം ചൊവ്വാഴ്ച നടക്കും. വൈകീട്ട് 5.30ന് ആദ്യ മത്സരത്തിൽ ഒമാൻ സൗദി അറേബ്യയെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 8.45ന് കുവൈത്തും ബഹ്റൈനെയും ഏറ്റുമുട്ടും.
ഗ്രൂപ് ബി അവസാന പാദ മത്സരത്തിൽ ശനിയാഴ്ച ഇറാഖിനെ തോൽപ്പിച്ചാണ് സൗദി അറേബ്യ സെമി ബെർത്ത് ഉറപ്പാക്കിയത്. അവസാന മത്സരത്തിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത സൗദി 3-1 എന്ന നിലയിലാണ് ഇറാഖിനെ തറപറ്റിച്ചത്. അതേസമയം മറ്റൊരു മത്സരത്തിൽ അപ്രതീക്ഷിത അട്ടിമറിയിലൂടെ യമൻ അവസാന മത്സരത്തിൽ ബഹ്റൈനെ ഞെട്ടിച്ചു. എന്നാൽ, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായിരുന്ന ബഹ്റൈനിന്റെ സെമി പ്രവേശനത്തിന് ഇത് തടസ്സമായില്ല. വെള്ളിയാഴ്ച നടന്ന ഗ്രൂപ് എ പോരാട്ടത്തിൽ കുവൈത്ത് ഖത്തറുമായും ഒമാൻ യു.എ.ഇയുമായും സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് എയിൽ നിന്ന് കുവൈത്തും ഒമാനും സെമിയിൽ പ്രവേശിച്ചത്.
ഇടവേളക്കു ശേഷം കുവൈത്തിൽ എത്തിയ ഗൾഫ് കപ്പിനെ ആവേശത്തോടെയാണ് രാജ്യം വരവേൽക്കുന്നത്. ജാബിർ സ്റ്റേഡിയത്തിലും സുലൈബികാത്ത് സ്റ്റേഡിയത്തിലും തിങ്ങിനിറഞ്ഞാണ് മത്സരം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.