കുവൈത്ത് സിറ്റി: കടുത്ത ചൂടിനെ തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അടുത്തിടെ നിരവധി വാഹനങ്ങളാണ് കത്തി നശിച്ചത്. നിർത്തിയിട്ടവയും ഓടിക്കൊണ്ടിരിക്കെ കത്തിയതും ഇതിൽപെടും. നിർത്തിയിട്ട വാഹനത്തിന് തീപിടിച്ച് സമീപത്തെ വാഹനങ്ങളിലേക്കും പടരുന്നത് പതിവാണ്. ഉയർന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം ചൂടുള്ള കാറ്റും വീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസമാണ്. വേനൽക്കാലത്ത് വാഹനങ്ങളിൽ ശ്രദ്ധവേണമെന്ന് അധികൃതർ നിരന്തരം ഉണർത്താറുണ്ട്. അശ്രദ്ധയാണ് വാഹനങ്ങളിലെ തീപിടിത്തത്തിന് പലപ്പോഴും കാരണമാകുന്നതും. വാഹനങ്ങളിലെ സീറ്റുകളും മറ്റും തുണിയും പഞ്ഞിയും കൊണ്ടുണ്ടാക്കുന്നതാണ്. ചെറിയ തീപ്പൊരി മതി തീപടർന്ന് വലിയ അപകടം ഉണ്ടാകാൻ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടങ്ങളും സ്വത്തിനും ജീവനും ഭീഷണി ഉയരുന്നതും ഒഴിവാക്കാം.
തണലത്ത് നിർത്തിയിടാം
വാഹനങ്ങൾ സുരക്ഷിതമായ ഇടങ്ങളിലും മറ്റു വാഹനങ്ങളിൽനിന്ന് നിശ്ചിത അകലം പാലിച്ചും നിർത്തിയിടാം. തണലത്ത് നിർത്തിയിടാനും ശ്രദ്ധിക്കണം. നിർത്തിയിടുന്ന സമയത്ത് ഗ്ലാസ് അൽപം തുറന്നുവെക്കുന്നത് വായുസഞ്ചാരത്തിന് സഹായിക്കും. വാഹനത്തിൽ സാധനങ്ങൾ അടുക്കും ചിട്ടയുമില്ലാതെ അശ്രദ്ധമായി വലിച്ചുവാരിയിടരുത്. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ വാഹനത്തിൽ സൂക്ഷിക്കരുത്.
പുകവലി ഒഴിവാക്കാം
വാഹനത്തിലിരുന്ന് പുകവലിക്കുന്നത് ഒഴിവാക്കണം. പുകവലിക്കാൻ വേണ്ടി ഗ്യാസ് ലൈറ്റർ വാഹനത്തിൽ കരുതുന്നതും അപകടമാണ്. എയർ ഫ്രഷ്നറും ചൂടിൽ പൊട്ടിത്തെറിക്കാൻ സാധ്യത ഏറെയാണ്. പവർബാങ്കും പോർട്ടബിൾ ചാർജറും പോലെയുള്ള സാധനങ്ങൾ വാഹനത്തിൽ വെക്കരുത്. പകല്‍ സമയത്ത് വെള്ളക്കുപ്പികള്‍ കാറില്‍ ഉപേക്ഷിച്ചു പോകുന്നതും അപകടത്തിന് കാരണമാകും. സൂര്യ കിരണങ്ങള്‍ വെള്ളക്കുപ്പിയില്‍ പ്രതിഫലിക്കുക വഴി കാറില്‍ തീ പടരാന്‍ സാധ്യതയുണ്ട്.
ചക്രങ്ങളും ശ്രദ്ധിക്കണം
ഓടിക്കൊണ്ടിരിക്കെ ചക്രം പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളും ചൂടുകാലത്ത് പതിവാണ്. തേഞ്ഞുതീർന്ന ചക്രങ്ങൾ ഉടനടി മാറ്റണം. മാറ്റാതെ നീട്ടിവെക്കുന്നത് ജീവന് തന്നെ ഭീഷണിയാകും. തിരക്കേറിയ റോഡുകളിൽ ചക്രം പൊട്ടി വാഹനം നിയന്ത്രണം വിട്ടാൽ കൂട്ടയിടിയാകും ഫലം. ഇത്തരം വാഹനങ്ങളുമായുള്ള മരുഭൂമിയിലെ സഞ്ചാരവും ഒഴിവാക്കണം. ചക്രം പൊട്ടി മരുഭൂമിയിൽ ഒറ്റപ്പെട്ട് പോകാനുള്ള സാധ്യത കണക്കിലെടുക്കണം.
അഗ്നിശമന ഉപകരണങ്ങൾ കരുതുക
അഗ്നിശമന ഉപകരണങ്ങൾ വാഹനത്തിൽ കരുതുന്നത് സുരക്ഷ വർധിപ്പിക്കും. വാഹനങ്ങളിൽ കരിയും പുകയും കാണുന്നതും കരിഞ്ഞ മണവും പോലെയുള്ള അടയാളങ്ങൾ അവഗണിക്കരുത്. ഇത്തരം ഘട്ടത്തിൽ ഉടൻ വാഹനം നിർത്തി പ്രതിരോധ നടപടികൾ ആരംഭിക്കണം. റേഡിയേറ്ററിൽ വെള്ളം/ കൂളന്റ് ഉണ്ടെന്ന് ഉറപ്പാക്കണം. വാഹനം തുറന്നയുടനെ എ.സി പ്രവർത്തിപ്പിക്കുന്നത് നല്ലതല്ല. അൽപം തുറന്നുവെച്ചശേഷം സ്റ്റാർട്ട് ചെയ്ത് ഓടിത്തുടങ്ങുമ്പോൾ പ്രവർത്തിപ്പിക്കലാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.