കുവൈത്ത് സിറ്റി: അപകടങ്ങൾ ഉടനടി അറിയാൻ കെട്ടിടങ്ങളിൽ അലാറം സംവിധാനം നടപ്പിലാക്കാനൊരുങ്ങി കുവൈത്ത് ജനറൽ ഫയർഫോഴ്സ്. ഫയർഫോഴ്സിന്റെ സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റുമായി കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതടക്കമുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. അപകടങ്ങളോടും അടിയന്തര സാഹചര്യങ്ങളോടും ഇതുവഴി വേഗത്തിൽ പ്രതികരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
പ്രോജക്ടിനായി പഠനം തയാറാക്കാൻ സാങ്കേതിക സംഘം രൂപവത്കരിച്ചു. ജനറൽ ഫയർഫോഴ്സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേതൃത്വത്തിലാണ് സാങ്കേതിക സംഘത്തിന് രൂപം നൽകിയതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ബദർ അൽ ഗരീബ് പറഞ്ഞു. അപകടങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം, സമൂഹിക സുരക്ഷ എന്നിവ മുൻനിർത്തി ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം ഉപയോഗപ്പെടുത്തിയാകും പദ്ധതിയെന്നും ബ്രിഗേഡിയർ ജനറൽ അൽ ഗരീബ് വിശദീകരിച്ചു. മംഗഫ് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഫയർഫോഴ്സ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.