കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്തമൊഴിവാക്കാൻ ജാഗ്രത നിർദേശങ്ങളുമായി അഗ്നിശമന വിഭാഗം. കടുത്ത വേനലിൽ അഗ്നിബാധയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഫയർ സർവിസ് ഡയറക്ടറേറ്റ് മുൻകരുതൽ നിർദേശം പുറപ്പെടുവിച്ചത്. വേനൽചൂട് പാരമ്യത്തിലെത്തുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തീപിടിത്തങ്ങൾക്ക് സാധ്യത ഏറെയാണ്. പൊതുജനങ്ങൾ ഇക്കാര്യം ഗൗരവത്തിലെടുത്ത് വീട്ടിലും ജോലിസ്ഥലത്തും ജാഗ്രതയോടെ പെരുമാറണമെന്നാണ് അഗ്നിശമന വിഭാഗം നിർദേശിക്കുന്നത്. പ്രധാനമായും ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതിശ്രദ്ധയുണ്ടാകണമെന്നാണ് അധികൃതരുടെ ഓർമപ്പെടുത്തൽ.
ഉപയോഗം കഴിഞ്ഞാലുടൻ ഉപകരണം സ്വിച്ച് ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യമില്ലാത്ത ഉപകരണങ്ങൾ അൺപ്ലഗ് ചെയ്തു സൂക്ഷിക്കണമെന്നും ഫയർ ഡിഫൻസ് നിർദേശിച്ചു. വീട് പൂട്ടി പുറത്തുപോകുമ്പോൾ കഴിയുന്നതും എല്ലാ വൈദ്യുതി ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുക, നിർമാതാക്കൾ നിർദേശിക്കുന്ന പവർ സോക്കറ്റുകളും കേബിളുകളും മാത്രം ഉപയോഗിക്കുക, വീട്ടുപകരണങ്ങളുടെയും കണക്ഷനുകളുടെയും പ്രവർത്തനക്ഷമതയും സ്ഥിരമായി പരിശോധിക്കുക, ചൂടുള്ളതോ തീപിടിക്കുന്നതോ ആയ വസ്തുക്കൾ കുട്ടികൾക്ക് കൈയെത്തുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കരുത്, സിഗരറ്റ് കുറ്റികൾ തീയണഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപേക്ഷിക്കുക, ഗ്രില്ലിങ്ങിന് ഉപയോഗിക്കുന്ന കരി ഉപയോഗ ശേഷം വെള്ളമൊഴിച്ചു കനലില്ലെന്ന് ഉറപ്പാക്കുക, വ്യത്യസ്ത ഊർജ ശേഷിയുള്ള ഉപകരണങ്ങൾ ഒറ്റ പവർ സോക്കറ്റോ എക്സറ്റൻഷനോ ഉപയോഗിച്ച് പ്രവർത്തിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങൾ അധികൃതർ മുന്നോട്ടുവെച്ചു.
പാചകം ചെയ്യുന്നതിനിടെ അടുപ്പിൽ ഭക്ഷണം വെച്ച് മറ്റു ജോലികളിൽ മുഴുകുന്നത് പലപ്പോഴും തീപിടിത്തകാരണമായി കണ്ടെത്തിയിട്ടുണ്ട്.
ഉപയോഗം കഴിഞ്ഞ ശേഷം ഗ്യാസ് വാൽവുകൾ അടച്ചു എന്ന് ഉറപ്പാക്കണമെന്നും കുവൈത്ത് ഫയർ ഡിഫൻസ് ഡയറക്ടറേറ്റ് പൊതുജനതാൽപര്യാർഥം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.