കുവൈത്ത് സിറ്റി: കനത്ത മൂടൽമഞ്ഞ് കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കാഴ്ച പരിധി കുറഞ്ഞതിനാൽ ബുധനാഴ്ച രാത്രി മുതൽ നിരവധി വിമാന സർവിസുകൾ റദ്ദാക്കുകയും കുവൈത്തിലേക്കുള്ള ഏതാനും വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തതായി വ്യോമയാന വകുപ്പ് അറിയിച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ് വിമാനങ്ങളുടെ പോക്കുവരവിനെ ബാധിക്കുന്ന തരത്തിൽ മൂടൽമഞ്ഞ് ശക്തിപ്രാപിച്ചത്.
റൺവേ ദൃശ്യമല്ലാത്ത തരത്തിൽ മഞ്ഞ് കടുത്തതോടെ കുവൈത്തിലിറങ്ങേണ്ടിയിരുന്ന ഏതാനും വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. കുവൈത്തിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ സർവിസ് റദ്ദാക്കേണ്ടി വന്നു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് വ്യോമ ഗതാഗതം സാധാരണ നിലയിലായത്.
ബുധനാഴ്ച രാത്രി 11ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന കുവൈത്ത് എയർവേയ്സിന്റെ കെ.യു 351 വിമാനം യാത്രക്കാർ കയറിയ ശേഷം അവസാന നിമിഷം യാത്ര റദ്ദാക്കിയത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ വലിയ പ്രയാസത്തിലാക്കി. കുവൈത്ത് വഴി കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന ട്രാൻസിറ്റ് യാത്രക്കാരടക്കം 200ഓളം പേർ 18 മണിക്കൂറോളമാണ് വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയത്.
ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് എയർവേയ്സ് അധികൃതരുമായി സംസാരിച്ച ശേഷമാണു യാത്രക്കാർക്ക് ഭക്ഷണമുൾപ്പെടെ ലഭിച്ചത്. തുടർന്ന് വൈകീട്ട് 5.20നുള്ള വിമാനത്തിൽ ഇവർ നാട്ടിലേക്ക് പുറപ്പെട്ടു. കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് നേരത്തെ കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.