കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഓണാഘോഷം സംഘടിപ്പിച്ചു. ആർദിയ പബ്ലിക് ഓഡിറ്റോറിയത്തിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ഫോക്ക് ജനറൽ സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് ഇന്ത്യൻ അംബാസഡറെയും എംബസി സെക്കൻഡ് സെക്രട്ടറിയെയും സ്വീകരിച്ചു.
ഓണാഘോഷ പരിപാടി ഇന്ത്യൻസ്ഥാനപതി ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. തന്റെ ആദ്യ ഓണാനുഭവമാണ് ഇതെന്നും ഒരുജാതി, ഒരുമതം, ഒരുദൈവം എന്ന ശ്രീനാരായണ ഗുരു സന്ദേശം പോലെ എല്ലാ ഇന്ത്യക്കാരെയും ഒരേ പോലെ കാണാൻ ഈ ആഘോഷ പരിപാടികൾക്ക് സാധിക്കട്ടെയെന്നും അംബാസഡർ പറഞ്ഞു. ഫോക്ക് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെയും ഇതിനുപിന്നിൽ പ്രവർത്തിച്ച സംഘാടകരെയും അദ്ദേഹം അഭിനന്ദിച്ചു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനന്ത എസ്.ആർ. അയ്യരും പൊതുചടങ്ങുകളിൽ പങ്കെടുത്തു. അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി, ഫോക്ക് ട്രഷറർ സാബു ടി.വി, ഉപദേശകസമിതി അഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൻ സജിജ മഹേഷ്, ബാലവേദി കൺവീനർ ജീവാ സുരേഷ് എന്നിവർ സംസാരിച്ചു.
ഫോക്ക് അംഗങ്ങളെ കൂടാതെ വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സാമൂഹികപ്രവർത്തകർ ഉൾപ്പെടെ 1300ലധികം ആളുകൾ ഓണാഘോഷത്തിൽ പങ്കെടുത്തു. ഫോക്ക് അംഗം അജിത്തിന്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ തയാറാക്കി. വിവിധ സോണലിലെ മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ, ഫോക്കിലെ ഗായകർ അവതരിപ്പിച്ച ഗാനമേള എന്നിവ ആഘോഷത്തിന് വർണപ്പകിട്ടേകി. ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ. സ്വാഗതവും പ്രോഗ്രാം കൺവീനർ രജിത് കെ.സി. നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.