കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത വിദേശികളിൽനിന്ന് കുടിശ്ശിക തിരിച്ചുപിടിക്കാൻ നീക്കം ആരംഭിച്ചു.അവധിക്ക് നാട്ടിൽ പോയ വിദേശികളിൽ നിരവധി പേർക്ക് വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരിച്ചുവരാൻ കഴിയാതായിട്ടുണ്ട്. ഇവരിൽ കുവൈത്തിലെ ബാങ്കുകളിൽനിന്ന് വായ്പ എടുത്തവരുമുണ്ട്.
ഇത് കിട്ടാക്കടമായി എഴുതിത്തള്ളേണ്ടതില്ലെന്നും അതത് രാജ്യങ്ങളിലെ കുടിശ്ശിക വീണ്ടെടുക്കൽ ഏജൻസികളുടെ സഹായം തേടാനുമാണ് ബാങ്കുകൾക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 50 ദീനാറോ അതിന് മുകളിലോ ഉള്ള എല്ലാ കുടിശ്ശികയും വീണ്ടെടുക്കാനാണ് ശ്രമം. വായ്പ തിരിച്ചടക്കാത്തവരുടെ ജാമ്യക്കാർക്കെതിരെ നടപടിയെടുക്കാനും നീക്കം ആരംഭിച്ചു.
അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, എൻജിനീയർമാർ എന്നിവർക്കാണ് കൂടുതാലായി വായ്പ കുടിശ്ശികയുള്ളത്. തിരിച്ചടവ് മുടങ്ങിയ വായ്പയുടെ കൂടുതൽ വിശദാംശങ്ങൾ അടുത്ത മാസം വ്യക്തമാവും. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി ആയിരക്കണക്കിന് വിദേശികളാണ് തിരിച്ചുപോയത്.അവധിക്ക് പോയവരിൽ ഒരുവിഭാഗത്തിന് വിമാനമില്ലാത്തതിനാൽ തിരിച്ചുവരാനുമായിട്ടില്ല. വിസ കാലാവധിയുള്ളവർക്ക് ആറുമാസ സമയപരിധി ബാധകമല്ലാതെ തിരിച്ചുവരാൻ കഴിയും. എന്നാൽ, വിസ കാലാവധി കഴിഞ്ഞവരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്.
ഇത്തരക്കാരുടെ വായ്പ തിരിച്ചുപിടിക്കാനാണ് അതത് രാജ്യത്തെ ഏജൻസികളുടെ സഹായം തേടുന്നത്. വായ്പ നൽകൽ താൽക്കാലികമായി നിർത്തിവെച്ച ബാങ്കുകൾ ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. തിരിച്ചടവ് ഉറപ്പുവരുത്തുന്ന രീതിയിലുള്ള വ്യവസ്ഥകളിലാണ് ഇപ്പോൾ വായ്പ അനുവദിക്കുന്നത്.നേരത്തെ സർക്കാർ നിർദേശപ്രകാരം വിദേശികളുടെ ഉൾപ്പെടെ എല്ലാ വായ്പകൾക്കും കുവൈത്തിലെ ബാങ്കുകൾ ആറുമാസത്തെ മൊറേട്ടാറിയം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.