കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.കെ വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യങ്ങൾക്കുള്ള സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ സ്പർശിച്ചു. ഏറ്റവും പുതിയ രാഷ്ട്രീയ പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.
കുവൈത്തിനും ഇറാഖിനും ഇടയിലുള്ള കടൽ അതിർത്തികൾ നിർണയിക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ വശങ്ങളിൽ സംയുക്ത സംഭാഷണം തുടരേണ്ടതിന്റെ പ്രാധാന്യവും സംസാരിച്ചു.
ഭൂമിയിലും സമുദ്രാതിർത്തിയിലും രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള അന്തർദേശീയ ക്രമവും ബഹുമാനവും നിലനിർത്തി നിഷ്പക്ഷതയോടെയും സമാധാനപരമായും പ്രതിസന്ധികൾ പരിഹരിക്കുന്നതും ചർച്ചചെയ്തു. ഫലസ്തീൻ പ്രശ്നത്തിന്റെ നിലവിലെ സംഭവവികാസങ്ങൾ, അൽ അഖ്സ മസ്ജിദിനും മുസ്ലിം പുണ്യസ്ഥലങ്ങൾക്കും നേരെയുള്ള ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ, ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതവും ഗുരുതരവുമായ ലംഘനങ്ങളിലെ ആശങ്കകളും ഇരുവരും പങ്കുവെച്ചു.
സ്വീഡനിലും ഡെന്മാർക്കിലും ഖുർആൻ കോപ്പികൾ കത്തിക്കുന്ന ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങളെ ഇരുവരും അപലപിച്ചു. വിദേശകാര്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.