കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്നത് 174 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ. രാജ്യത്തെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ വിപണിയിലെ വിദേശികളുടെ എണ്ണം സംബന്ധിച്ച വിശദീകരണമുള്ളത്.
പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈത്തില്‍ നിലവില്‍ 174 രാജ്യങ്ങളിൽനിന്നായി 24.3 ലക്ഷം ആളുകള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറിലെ കണക്കുകള്‍പ്രകാരം കുവൈത്തില്‍ 23.4 ലക്ഷം പ്രവാസി ജോലിക്കാരാണുണ്ടായിരുന്നത്. എന്നാല്‍, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് 24.3 ലക്ഷമായി വർധിച്ചു.
പ്രാദേശിക വിപണിയിലെ ജോലിക്കാരില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. ജൂൺ അവസാനത്തോടെ ഇന്ത്യന്‍ ജോലിക്കാരുടെ എണ്ണം 8,69,820 ആയി. 4,83,450 ജോലിക്കാരുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും 4,47,060 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാർ മൂന്നാം സ്ഥാനത്തുമാണ്. ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍. ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള കുവൈത്തിലെ ജോലിക്കാരുടെ എണ്ണം ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളില്‍ 52,000 വർധിച്ചതായി പ്രാദേശിക മാധ്യമമായ അൽ-അൻബാ റിപ്പോര്‍ട്ട് ചെയ്തു.
ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും കഴിഞ്ഞ ആറു മാസത്തിനിടെ 34,850 പേര് വർധിച്ചു. നിലവില്‍ 7,88,150 വീട്ടുജോലിക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.