കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി അറിയിച്ചു. 10,000 ദീനാർ വരെ പിഴ ലഭിക്കുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക.
കർഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരത്തുകളിൽ കർശന നിരീക്ഷണമുണ്ടാകും. പ്രധാന റോഡുകളിലും ഉൾഭാഗങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥർ റോന്തുചുറ്റും. ഇതിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.കർഫ്യൂവിൽ ഇളവ് അനുവദിച്ച വിഭാഗങ്ങളുടെ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തും.
കുവൈത്ത് സിറ്റി: കർഫ്യൂ സമയത്ത് നിർബന്ധ നമസ്കാരങ്ങൾക്ക് പള്ളിയിലേക്ക് നടന്നുപോകുന്നതിന് തടസ്സമില്ല. വാഹനത്തിൽ പോകാൻ അനുമതിയില്ല. തൊട്ടടുത്തുള്ള പള്ളിയിലേക്ക് നമസ്കാരത്തിന് മാത്രമാണ് പോകുന്നത് എന്ന് ഉറപ്പാക്കാനാണ് ഇൗ നിബന്ധന. സുബ്ഹി, മഗ്രിബ്, ഇശാ നമസ്കാരങ്ങളാണ് വൈകീട്ട് അഞ്ചിനും പുലർച്ച അഞ്ചിനുമിടയിലുള്ള കർഫ്യൂ സമയത്ത് വരുന്നത്. ബാങ്കിെൻറ 15 മിനിറ്റ് മുമ്പ് പോകാം. പള്ളിയിലെ സംഘടിത നമസ്കാരം കഴിഞ്ഞ് വൈകാതെ തിരിച്ചുപോകുകയും വേണം.
കുവൈത്ത് സിറ്റി: കർഫ്യൂവിൽനിന്ന് അംബാസഡർമാർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെ ഒഴിവാക്കിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഭാഗിക കർഫ്യൂ പ്രാബല്യത്തിലുള്ള സമയങ്ങളിൽ കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും പുറത്തിറങ്ങണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് പ്രത്യേകാനുമതി വാങ്ങണം. മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി പ്രത്യേകാനുമതി നൽകും.
കുവൈത്ത് സിറ്റി: കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങാൻ എക്സിറ്റ് പെർമിറ്റ് സേവനം ഒരുക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ.മെഡിക്കൽ കൺസൽട്ടേഷൻ, ആംബുലൻസിലുള്ള രോഗികൾ, രക്തദാനം, കോവിഡ് വാക്സിനേഷൻ, പി.സി.ആർ പരിശോധന എന്നീ ആവശ്യങ്ങൾക്കാണ് പ്രത്യേക അനുമതിയോടെ പുറത്തുപോകാൻ കഴിയുക. https://www.paci.gov.kw എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. രണ്ടു മണിക്കൂർ വരെയാണ് സമയം അനുവദിക്കുക. സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.