ഏത് വിശ്വാസിയായാലും രാജ്യക്കാരനായാലും രാഷ്ട്രീയം ഏതായാലും ആത്യന്തികമായി മനുഷ്യനായിരിക്കുക എന്നതാണ് പരമ പ്രധാനം. ഏതെങ്കിലും ഒരു രാജ്യത്ത് ജനിച്ചതുകൊണ്ടോ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചതുകൊണ്ടോ, ഉന്നത വിദ്യാഭ്യാസം നേടിയതുകൊണ്ടോ, ഉന്നത ഉദ്യോഗം കരസ്ഥമാക്കിയതുകൊണ്ടോ, ധാരാളം ധനം സമ്പാദിച്ചതുകൊണ്ടോ ആരും ഉന്നതനായ മനുഷ്യനായി മാറുന്നില്ല. മറിച്ച് മറ്റുള്ളവരുടെ മനസ്സിൽ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നവർ ഉന്നത മനുഷ്യരായി മാറുന്നു. സ്നേഹം, സാഹോദര്യം, ദയ, അനുകമ്പ, സഹാനുഭൂതി, സഹിഷ്ണുത, വിനയം, ക്ഷമ തുടങ്ങിയ ഗുണങ്ങൾ നമ്മിൽ വളർത്തിയെടുക്കുക മാത്രമല്ല മറ്റുള്ളവരുമായി ഇടപഴകുമ്പോൾ നാം ഇത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുകകൂടി ചെയ്യേണ്ടതുമുണ്ട്.
ഇത്തരം നന്മയുള്ള കാര്യങ്ങൾ നാം മറ്റുള്ളവർക്ക് പകർന്നുനൽകുമ്പോൾ അത് മറ്റുള്ളവരുടെ ഹൃദയത്തിൽ നമുക്കൊരു സ്ഥാനം നേടിത്തരുന്നു എന്നുമാത്രമല്ല നമ്മോട് മോശമായി പെരുമാറുന്ന ആളുകൾക്ക് അതൊരു തിരിച്ചറിവിനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. വെറുപ്പ്, വിദ്വേഷം, കോപം, പക, അസൂയ, അഹങ്കാരം, അഹംഭാവം, വർഗീയത എന്നിവ മനസ്സിൽ തോന്നിത്തുടങ്ങിയാൽ ഉടൻ അതിനെ അടിച്ചമർത്തി പകരം സദ്ഗുണങ്ങൾ പ്രതിസ്ഥാപിക്കണം. ഇല്ലെങ്കിൽ ഇത്തരം തെറ്റായ ചിന്തകൾ മനുഷ്യന്റെ മനസ്സിനെ മലീമസമാക്കുന്നുവെന്ന് മാത്രമല്ല ജീവിതം ആസ്വദിക്കാനുള്ള കഴിവും അവസരവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുതന്നെയാണ് അത്തരക്കാർക്കുള്ള ശിക്ഷയും. മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുക, അവരുടെ പ്രയാസ ഘട്ടങ്ങളിൽ സമാശ്വസിപ്പിക്കുക, അവർ ബുദ്ധിമുട്ടുന്ന സമയത്ത് നമ്മളാൽ കഴിയുന്ന സഹായം ചെയ്തുകൊടുക്കുക, ഏറ്റവും ചുരുങ്ങിയത് നമ്മൾ നല്ല വാക്കുകൾ മാത്രം പറയുക, അങ്ങനെ സ്നേഹവും സാഹോദര്യവും നാം വളർത്തിയെടുക്കുക, നല്ല മനുഷ്യനായി ജീവിക്കുക, നല്ല മനുഷ്യനായി മരിക്കുക. ജീവിതം ഒന്നേയുള്ളൂ. അത് വെറുപ്പും വിദ്വേഷവും വളർത്തി നശിപ്പിക്കാനുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.