കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതിയും ഗാന്ധിസ്മൃതി കലാ സാംസ്കാരികവേദിയും സംയുക്തമായി ഇന്ത്യയുടെ സ്വാതന്ത്ര്യദിനം 'സ്വാതന്ത്ര്യാമൃതം' എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിപുലമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കുവൈത്തിൽ സി.ബി.എസ്.സി 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വയനാട് ജില്ലയിലെ പൊട്ടൻകൊല്ലിയുള്ള ഒ.എൻ.വി ട്രൈബൽ വായനശാലക്ക് സ്‌നേഹോപഹാരമായി പുസ്തകങ്ങളും നൽകി. ഹരി ബത്തേരി പുസ്തകങ്ങൾ വായനശാലക്കു കൈമാറി.
സ്വാതന്ത്ര്യാമൃതം പരിപാടിയിൽ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനും മദ്യവർജന സമിതി പ്രവർത്തകനുമായ മനോജ് എം. കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ഗാന്ധിയൻ ആദർശങ്ങൾ നഷ്ടപ്പെടുത്താത്ത യുവതയെ വാർത്തെടുക്കേണ്ടതുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം ഗാന്ധിസ്മൃതിപോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഗാന്ധിജി വിഭാവനം ചെയ്ത സാമൂഹിക-സാമ്പത്തിക പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു. രക്ഷാധികാരി ബിനു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജോയന്റ് സെക്രട്ടറി ബിജോ മംഗലി സ്വാഗതവും ജോയന്റ് ട്രഷറർ പോളി അഗസ്റ്റിൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ, ജിജു പാലക്കാട്, പ്രജോദ് ഉണ്ണി, മധുകുമാർ മാഹി, ബെക്കൻ ജോസഫ്, എൽദോ ബാബു എന്നിവർ സംസാരിച്ചു. ഷീബ ടീച്ചറുടെയും മകൾ സ്ലാനിയ പെയ്‌ടന്റെയും നേതൃത്വത്തിൽ ദേശീയ ഗാനാലാപനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.