കുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസ് ചൊവ്വാഴ്ച സമാപിക്കാനിരിക്കെ 32 സ്വർണവും 24 വെള്ളിയും 31 വെങ്കലവും നേടി ആതിഥേയരായ കുവൈത്ത് ബഹുദൂരം മുന്നിൽ. 20 സ്വർണവും 21 വെള്ളിയും 18 വെങ്കലവും നേടിയ ബഹ്റൈനാണ് രണ്ടാം സ്ഥാനത്ത്. 18 സ്വർണവും 16 വെള്ളിയും 12 വെങ്കലവും നേടിയ യു.എ.ഇ മൂന്നാം സ്ഥാനത്താണ്.14 സ്വർണവും 20 വെള്ളിയും 15 വെങ്കലവും നേടിയ ഖത്തർ നാലാമതും 12 സ്വർണവും 19 വെള്ളിയും 12 വെങ്കലവും നേടിയ സൗദി അഞ്ചാമതും 12 സ്വർണവും അഞ്ച് വെള്ളിയും 15 വെങ്കലവും നേടിയ ഒമാൻ ആറാം സ്ഥാനത്തുമാണ്.
പ്രധാന ഇനങ്ങളെല്ലാം അവസാനിച്ചിരിക്കെ കുവൈത്ത് കിരീടം ഉറപ്പിച്ചു. സമാപന ചടങ്ങ് ചൊവ്വാഴ്ച നടക്കും. ശൈഖ് ജാബിർ കൾച്ചറൽ സെന്ററിൽ നടക്കുന്ന സമാപന ചടങ്ങിൽ കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, കായികമന്ത്രി അലി ഹുസൈൻ അലി അൽ മൂസ, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങിയവർ സംബന്ധിക്കും.
ഗൾഫ് രാജ്യങ്ങളിലെ 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരച്ചത്. ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നിസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിൾ ടെന്നിസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം നടന്നത്. ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നിസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.