കുവൈത്ത് സിറ്റി: ഗൾഫിലെ ആറു രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഗൾഫ് കോപറേഷൻ കൗൺസിൽ (ജി.സി.സി) 39 വയസ്സ് പൂർത്തിയാവുേമ്പാൾ കുവൈത്തിനും ആത്മസംതൃപ്തി. 1981 മേയ് 25നാണ് ജി.സി.സി രൂപംകൊണ്ടത്. 1981ൽ അന്നത്തെ കുവൈത്ത് അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, യു.എ.ഇ പ്രസിഡൻറ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്നിവരാണ് ജി.സി.സി രൂപവത്കരണത്തിന് മുൻകൈയെടുത്തത്. ഗൾഫ് മേഖലയിലെ പ്രമുഖ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അബൂദബിയിൽ ഒരുമിച്ചുകൂടുമ്പോൾ അത് ഇത്ര വളർച്ച നേടിയ ഒരു സംഘത്തിെൻറ പിറവിയായിരിക്കുമെന്ന് ആരും കരുതിയിരിക്കില്ല. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാഷ്ടങ്ങളുടെ സംഘബോധം പിന്നീടുള്ള മൂന്നര ദശാബ്ദങ്ങളിൽ മേഖലക്ക് കരുത്തായി മാറുന്ന കാഴ്ചയാണ് കണ്ടത്.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ, അവിടങ്ങളിലെ പൗരന്മാർക്കിടയിൽ സഹോദരതുല്യമായ ബന്ധം വളർത്തിയെടുക്കാൻ ഇൗ കൂട്ടായ്മക്ക് കഴിഞ്ഞു.
സമീപകാലത്ത് ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്നം കല്ലുകടിയായെങ്കിലും കൂട്ടായ്മയുടെ പ്രസക്തിക്ക് ഇപ്പോഴും കോട്ടംതട്ടിയിട്ടില്ല. ഇടക്കുണ്ടായ ഒറ്റപ്പെട്ട പിണക്കങ്ങൾ മാറ്റിവെച്ചാൽ ഗൾഫ് രാജ്യങ്ങളുടെ പരസ്പര സഹകരണം സമാനതകളില്ലാത്തതാണ്. ഏതെങ്കിലും അജണ്ടയെ മുൻനിർത്തിയുണ്ടാക്കിയ സംഘടനയല്ല ഇത്. ജനങ്ങൾക്കിടയിലും ഒരു പരിധിവരെ ഇൗ ഇഴയടുപ്പം ഉണ്ട്. വിവാഹ, വ്യാപാര ബന്ധങ്ങളാലും അവർ ഏറെ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. സംയുക്ത സൈന്യം, കസ്റ്റംസ് യൂനിയൻ തുടങ്ങിയവ ചരിത്ര നേട്ടമാണ്. ജി.സി.സി രാജ്യങ്ങളുടെ സംയുക്ത സൈന്യമായ ‘ദറ അൽ ജസീറ’ (പെനിൻസുല ഷീൽഡ് ഫോഴ്സ്) 1984ൽ 10,000 സൈനികരുമായി രൂപവത്കരിച്ചതാണ്. സംയുക്ത സൈന്യത്തിൽ നിലവിൽ 40,000ത്തോളം സൈനികരുണ്ട്. സൗദി അറേബ്യയിലെ ഹഫർ അൽ ബതിനിലെ കിങ് ഖാലിദ് മിലിട്ടറി സിറ്റിയിലാണ് സംയുക്ത സൈന്യത്തിെൻറ കേന്ദ്രം. ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട റെയിൽവേ പദ്ധതി പുരോഗമിക്കുകയാണ്.
ഏകീകൃത കറൻസി പദ്ധതി നടപ്പാക്കാൻ ജി.സി.സി നേരേത്ത തീരുമാനിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. ജി.സി.സി സുപ്രീം കൗൺസിൽ ഉച്ചകോടിക്ക് ഏഴു തവണ കുവൈത്ത് ആതിഥ്യമരുളി. ആദ്യമായി കുവൈത്ത് വേദിയാവുന്നത് 1984ൽ നടന്ന അഞ്ചാമത് ജി.സി.സി ഉച്ചകോടിക്കാണ്. തുടർന്ന് 1991, 97, 2003, 2009, 2013, 2017 വർഷങ്ങളിലും ഗൾഫ് രാജ്യങ്ങളുടെ നേതാക്കൾ കുവൈത്തിൽ ഒത്തുകൂടി. മോണിറ്ററി യൂനിയൻ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ ലിങ്കേജ് പ്രോജക്ട്, ജി.സി.സി നാവികസേന, ജി.സി.സി ഹെൽത്ത് കാർഡ് ഉൾപ്പെടെ നിരവധി പദ്ധതികളാണ് പാതിവഴിയിൽ. അംഗരാഷ്ട്രങ്ങൾക്കിടയിൽ ചെറിയൊരു പിണക്കമുണ്ടായപ്പോൾ മധ്യസ്ഥശ്രമങ്ങൾക്കായി ഒാടിനടക്കുന്നതും കുവൈത്താണ്. ലോകവും മേഖലയും വെല്ലുവിളി നേരിടുന്ന ഇൗ ഘട്ടത്തിൽ ഒരുമിച്ചുനിൽക്കേണ്ടത് മുമ്പത്തേക്കാളും ആവശ്യമാണ്. നിലവിൽ ജി.സി.സി കൂട്ടായ്മയുടെ സെക്രട്ടറി ജനറൽ മുൻ കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.