കുവൈത്ത് സിറ്റി: പ്രാദേശിക സുരക്ഷ, സാമ്പത്തിക ഏകീകരണം, പ്രാദേശിക -അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവ ചർച്ച ചെയ്ത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) 45ാമത് ഉച്ചകോടി.
കുവൈത്തിൽ നടന്ന ഉച്ചകോടിയിൽ ഫലസ്തീൻ, ലബനാൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും മേഖലയിലെ പൊതുവിഷയങ്ങളും ചർച്ചയായി. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്തു.
ഐക്യത്തിന്റെ സാക്ഷ്യപത്രവും സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ പ്രതിഫലനവുമാണ് ഉച്ചകോടിയെന്ന് അമീർ പറഞ്ഞു. ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച അമീർ, ഫലസ്തീനിൽ വെടിനിർത്തലിനും അടിയന്തര സഹായത്തിനായി സുരക്ഷിതമായ വഴികൾ തുറക്കാനും യു.എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിലൂടെ മേഖലയിലെ വികസനം ത്വരിതപ്പെടുത്തണമെന്നും അമീർ ഉണർത്തി. ഗസ്സക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം നിർണായക ഇടപെടലുകൾ നടത്തണമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ആവശ്യപ്പെട്ടു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‍യാൻ, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് എന്നിവർ ഉച്ചകോടിയിൽ അതത് രാജ്യങ്ങളെ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.