കുവൈത്ത് സിറ്റി: ജി.സി.സി രാഷ്ട്രനേതാക്കളുടെയും നയതന്ത്ര പ്രതിനിധികളുടെയും സംഗമ ഇടമായി കുവൈത്ത്. ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച രാവിലെ മുതൽ രാഷ്ട്രനേതാക്കളും നയതന്ത്ര പ്രതിനിധികളും എത്തിത്തുടങ്ങിയതോടെ കുവൈത്ത് മേഖല ശ്രദ്ധാകേന്ദ്രവുമായി.
അതിഥികളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ നേരിട്ടെത്തി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അൽ സൗദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രതിനിധി സംഘവും കുവൈത്തിലെത്തി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഖത്തർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും പ്രതിനിധി സംഘവും കുവൈത്തിലെത്തി. മന്ത്രി പ്രിൻസ് തുർക്കി ബിൻ മുഹമ്മദ്, കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് അൽ ഐബാൻ, ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ, ഗതാഗത മന്ത്രി സാലിഹ് അൽ ജാസർ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും പ്രതിനിധി സംഘവും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തി.
യു.എ.ഇ പ്രതിനിധി സംഘത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ധനകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനി, ഊർജ- അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂയി, വ്യവസായ-അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ, നീതിന്യായ മന്ത്രി അബ്ദുല്ല അൽ നുഐമി, നിക്ഷേപ മന്ത്രി മുഹമ്മദ് അൽ സുവൈദി, കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന അൽ ദഹഖ് അൽ ഷംസി, സഹമന്ത്രി ഖലീഫ അൽ മരാർ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പ്രതിനിധി സംഘവും കുവൈത്തിലെത്തി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ അൽ ഖലീഫ, നിയമകാര്യ മന്ത്രി യൂസഫ് ഖലാഫ്, ആരോഗ്യമന്ത്രി ഡോ. ജലേല ഹസ്സൻ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് അൽ മാൽകി, ഭവന, നഗരാസൂത്രണ മന്ത്രി അംന അൽ റുമൈഹി, വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ഫഖ്റോയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദും പ്രതിനിധി സംഘവും ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്തിലെത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ സ്വീകരിച്ചു.
ജി.സി.സി അംഗരാജ്യങ്ങളുടെ നേതാക്കൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഹൃദയംഗമമായ ആശംസകൾ സയ്യിദ് ഫഹദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.