കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കും രക്തസാക്ഷികൾക്കുമുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം മലയാളി സംഘടനകൾ ആഘോഷങ്ങൾ മാറ്റിവെച്ചു. രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാന്‍ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗൺസിലാണ് തീരുമാനമെടുത്തത്. സർക്കാർ നിർദേശത്തിന് പിറകെ ഇന്ത്യൻ അസോസിയേഷനുകൾ ഇത്തരം പരിപാടികൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു. ഇതോടെ മലയാളി സംഘടനകൾ അടക്കമുള്ളവ പരിപാടികൾ മാറ്റിവെച്ചു.
അവധിക്കാലം കഴിഞ്ഞ് പ്രവാസികൾ തിരിച്ചെത്തിയതോടെ മലയാളി സംഘടനകൾ ഓണം-ഈദ് ആഘോഷങ്ങൾ നടത്തിവരുകയായിരുന്നു. വാർഷികാഘോഷങ്ങൾക്കും മലയാളി സംഘടനകൾ തെരഞ്ഞെടുക്കുന്നത് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നു മാസമാണ്. അവധി ദിവസമായ വെള്ളി, ശനി ദിവസങ്ങളിലാണ് കുവൈത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാറ്. ചുരുക്കം സംഘടനകളുടെ ആഘോഷങ്ങൾ കഴിഞ്ഞെങ്കിലും നിരവധി സംഘടനകൾ ആഘോഷദിനങ്ങൾ പ്രഖ്യാപിക്കുകയും അതിനായുള്ള ഒരുക്കങ്ങൾ നടത്തിവരുകയുമായിരുന്നു. വെള്ളിയാഴ്ച അഞ്ചോളം സംഘടനകൾ ആഘോഷങ്ങൾക്കായി ഒരുങ്ങിയിരുന്നു. പലരും നാട്ടിൽനിന്നുള്ള അതിഥികളെ എത്തിക്കുകയും കലാപരിപാടികൾക്കും മറ്റുമായി ആളുകളെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച നിശ്ചയിച്ച നായർ സർവിസ് സൊസൈറ്റി ഓണാഘോഷപരിപാടിക്കായി നാട്ടില്‍നിന്ന് ആറന്മുള വള്ളസദ്യാ പാചകവിദഗ്ധരെ കുവൈത്തിൽ എത്തിച്ചിരുന്നു. കൊല്ലം ജില്ല പ്രവാസി സമാജം വാർഷികാഘോഷവും വെള്ളിയാഴ്ച നടക്കാനിരുന്നതാണ്. ഇതിൽ പങ്കെടുക്കുന്നതിനായി നാട്ടിൽനിന്ന് അഞ്ച് ആർട്ടിസ്റ്റുകൾ എത്തിയിരുന്നു. ആഘോഷങ്ങൾ മാറ്റിവെച്ചതോടെ ഇവരെ മടക്കിയയച്ചു. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം (ട്രാക്ക്) ജില്ല അസോസിയേഷനുകളും വെള്ളിയാഴ്ച ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. സർക്കാർ നിർദേശം വന്നതോടെ ഇവരും പരിപാടികൾ മാറ്റിവെച്ചു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ചകളിലും സംഘടിപ്പിക്കാനിരുന്ന പരിപാടികൾ സംഘടനകൾ മാറ്റിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.