കുവൈത്ത് സിറ്റി: രാജ്യത്തിന്റെയും പൗരന്മാരുടെയും സേവനത്തിനായി ദേശീയ അസംബ്ലിയുമായുള്ള സഹകരണം തുടരണമെന്ന് ധനകാര്യ മന്ത്രി ഫഹദ് അൽ ജാറല്ല. വിരമിച്ചവർക്കുള്ള പെൻഷൻ വർധിപ്പിക്കാനുള്ള സർക്കാർ നിർദേശം ചർച്ച ചെയ്യാൻ നാഷനൽ അസംബ്ലിയുടെ സാമ്പത്തിക സമിതി അംഗങ്ങളുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അൽ ജാറല്ല അറിയിച്ചു.
ഈ നിർദേശം രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നും പൂർത്തിയായാൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നിർദേശിക്കുമെന്നും മന്ത്രാലയത്തിലെയും പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സെക്യൂരിറ്റിയിലെയും ടീമുകൾ ഈ നിർദേശങ്ങൾക്ക് കളമൊരുക്കുകയാണെന്നും അൽ ജാറല്ല പറഞ്ഞു.
രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക സ്ഥിതി ഉറപ്പുനൽകുന്നതിനും പൗരന്മാർക്കിടയിൽ നീതിയും സമത്വവും കൈവരിക്കുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രാധാന്യവും മന്ത്രി അടിവരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.