കുവൈത്ത് സിറ്റി: പെരുന്നാൾ ദിനത്തിൽ തങ്ങളുടെ വകുപ്പുകൾക്ക് കീഴിലുള്ള വിവിധ ഇടങ്ങൾ സന്ദർശിച്ച് മന്ത്രിമാർ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വജീബ് ഫോഴ്സ് (സബാഹ്) സൈനിക കേന്ദ്രത്തിൽ എത്തി.
സൈനികർക്ക് ഈദ് ആശംസകൾ നേർന്ന മന്ത്രി ശാസ്ത്രവും അറിവും കൊണ്ട് സായുധ സേനയുടെ വികസനം കൈവരിക്കാനാകുമെന്ന് സൂചിപ്പിച്ചു. കര, കടൽ അതിർത്തികൾ സംരക്ഷിച്ച് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ ശേഷിയിലും ജാഗ്രതയിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
അമീറും സായുധസേനയുടെ പരമോന്നത കമാൻഡറുമായ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും ഈദ് ആശംസകൾ അദ്ദേഹം സൈനികരെ അറിയിച്ചു.
പെരുന്നാൾ ദിവസത്തെ ജോലിയുടെ പുരോഗതി പരിശോധിക്കുന്നതിനും, ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചും ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി.
നിരവധി ആരോഗ്യ സൗകര്യങ്ങളും മന്ത്രാലയത്തിന്റെ കോൾ സെന്ററും വെള്ളിയാഴ്ച ആരോഗ്യമന്ത്രി സന്ദർശിച്ചു. രോഗികളുമായും സന്ദർശകരുമായും കൂടിക്കാഴ്ച നടത്താനും അവർക്ക് നൽകുന്ന പരിചരണ നിലവാരത്തെക്കുറിച്ച് ഉറപ്പുനൽകാനും മന്ത്രി സമയം കണ്ടെത്തി.
പെരുന്നാൾ ദിനത്തിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവർക്കുള്ള പരിചരണ കേന്ദ്രങ്ങൾ സാമൂഹികകാര്യ, വനിതകാര്യ, ബാലാവകാശ മന്ത്രി മായി അൽ ബാഗ്ലി സന്ദർശിച്ചു ആശംസകൾ നേർന്നു. കുവൈത്തിനെയും ജനങ്ങളെയും മുസ്ലീം, അറബ് രാഷ്ട്രങ്ങളെയും തിന്മയിൽ നിന്ന് സംരക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.