കുവൈത്ത് സിറ്റി: ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) സെക്രട്ടറി ജനറലായി ഹൈതം അൽ ഗൈസ് തിങ്കളാഴ്ച ആസ്ഥാനമായ വിയന്നയിൽ അധികാരമേൽക്കും. കുവൈത്തിന്റെ നോമിനിയായാണ് അദ്ദേഹം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടത്. അന്തരിച്ച മുൻ മേധാവി നൈജീരിയയുടെ മുഹമ്മദ് ബർക്കിൻഡോയുടെ പിൻഗാമിയായാണ് ഹൈതം അൽ ഗൈസ് അധികാരമേൽക്കുന്നത്. തന്നെ കുവൈത്ത് നോമിനിയായി നിശ്ചയിച്ചതിന് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്നും അൽ ഗൈസ് നന്ദി പറഞ്ഞു.
മൂന്നു വർഷത്തേക്കുള്ള ഒപെക് തലവനായി തിരഞ്ഞെടുക്കപ്പെട്ട അൽ ഗൈസ് ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ കുവൈത്തിയാണ്. ഒപെക്കിലെ 13 അംഗ രാജ്യങ്ങൾ അദ്ദേഹത്തെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ഒപെക് അംഗങ്ങൾക്കിടയിൽ കുവൈത്തിനുള്ള വലിയ പ്രാധാന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അൽ ഗൈസ് പറഞ്ഞു. കുവൈത്ത് ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി, കൗൺസിൽ കാര്യ സഹമന്ത്രി എന്നിവരുടെ നിരന്തര ഇടപെടലുകൾ താൻ തിരഞ്ഞെടുക്കപ്പെടുന്നതിന് സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ ഒപെക് ഗവർണർ സ്ഥാനം 2017-2021 കാലയളവിൽ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2021 ജൂണിൽ ഗവർണർ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം സർക്കാർ ഉടമസ്ഥതയിലുള്ള കുവൈത്ത് പെട്രോളിയം കോർപറേഷനിൽ (കെ.പി.സി) ഇന്റർനാഷനൽ മാർക്കറ്റിങ് ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായി.
ഒപെക്കും അതിന് പുറത്തുള്ള രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സാങ്കേതിക സമിതിയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒപെക് ഇന്റേണൽ ഓഡിറ്റ് കമ്മിറ്റിയുടെ അധ്യക്ഷൻ, ഒപെക്കും അതിന്റെ ബോർഡ് ഓഫ് ഗവർണർമാർ, വിവിധ കമ്മിറ്റികൾ, പ്രത്യേക പ്രവർത്തനങ്ങൾ, ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളുമായുള്ള സഹകരണം എന്നിവയുടെ തലത്തിലും അദ്ദേഹം വലിയ സംഭാവനകളർപ്പിച്ചിട്ടുണ്ട്. കുവൈത്ത് പെട്രോളിയം കോർപറേഷനെ ആഗോള വിപണന മേഖലയിൽ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ വളർത്തുന്നതിലും അൽ ഗൈഡിന്റെ കൈയൊപ്പ് വളരെ വലുതാണ്. ബീജിങ്, ലണ്ടൻ എന്നിവിടങ്ങളിലെ കോർപറേഷന്റെ റീജനൽ ഓഫിസുകളുടെ തലവനും ഗവേഷണ വകുപ്പിന്റെ ഡയറക്ടറുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.