കുവൈത്ത് സിറ്റി: കുവൈത്തിൽ ഇഖാമ നിയമലംഘകരെ കണ്ടെത്താൻ പരിശോധന തുടരുന്നു. വ്യാഴാഴ്ച ഹവല്ലി ഗവർണറേറ്റിലാണ് പരിശോധന നടന്നത്. നുഗ്റ ഭാഗത്തുനിന്ന് 118 പേരെ പിടികൂടി. ഇതിൽ 12 പേർ വിസ കാലാവധി കഴിഞ്ഞവരും 93 പേർ തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവരും ഒമ്പതുപേർ പിടികിട്ടാപുള്ളികളും ആയിരുന്നു. എതിർലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിച്ചുനടന്ന ഒരാളെയും മയക്കുമരുന്നുമായി രണ്ടുപേരെയും മദ്യവുമായി ഒരാളെയും പടികൂടി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയതിനാൽ നിർത്തിവെച്ചിരുന്ന പരിശോധന ശക്തമായി തിരിച്ചെത്തുകയാണ്. മൂന്ന് ദിവസത്തിനിടെ 406 പേരാണ് പിടിയിലായത്. ചൊവ്വാഴ്ച ബിനീദ് അൽ ഗാറിൽനിന്നാണ് 96 പേരെ പിടികൂടിയത്. ബുധനാഴ്ച ഫഹാഹീൽ, സബ്ഹാൻ എന്നിവിടങ്ങളിൽനിന്ന് 192 പേരെ പിടികൂടി.
വരും ദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു റെയ്ഡ് സജീവമാക്കുമെന്ന് അധികൃതർ അറിയിച്ചു. പല തവണ ഇളവുകൾ നൽകിയിട്ടും താമസം നിയമവിധേയമാക്കാത്ത വിദേശികളെ പ്രത്യേക കാമ്പയിനിലൂടെ പിടികൂടാനാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ തീരുമാനം. രേഖകൾ ഇല്ലാതെ പിടിയിലാകുന്ന വിദേശികൾക്ക് ഒരുവിധ ഇളവും നൽകേണ്ടതില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ നിലപാട്.
കോവിഡ് വ്യാപനം കുറഞ്ഞാൽ ഉടൻ പഴുതടച്ച പരിശോധനയിലൂടെ രാജ്യത്തെ താമസനിയമലംഘകരെ മുഴുവൻ പിടികൂടുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.