കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ സ്വകാര്യ ആശുപത്രികൾക്ക് ഇളവ് അനുവദിക്കും. ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിെൻറ ഭാഗമായുള്ള രണ്ടാംഘട്ടത്തിലാണ് സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും പ്രവർത്തനങ്ങളിൽ ചില ഇളവുകൾ അനുവദിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയത്. രക്തം നൽകേണ്ടതില്ലാത്ത, ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ച് നടത്തുന്ന സാധാരണ ശസ്ത്രക്രിയകൾക്ക് അനുമതി നൽകുന്നതാണ് പ്രധാന മാറ്റം.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ഇൗ ഘട്ടത്തിൽ അനുമതി നൽകിയിട്ടില്ല. നോൺ സർജിക്കൽ സൗന്ദര്യ ചികിത്സ, എൻഡോസ്കോപ്പി, ഇൻറർവെൻഷനൽ റേഡിയോളജി തുടങ്ങിയവക്ക് അനുമതിയുണ്ട്. ജനറൽ അനസ്തേഷ്യക്ക് കീഴിലുള്ളതും രക്തം നൽകേണ്ടതുമായ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾക്ക് അനുവാദമില്ല. ക്ലിനിക്കിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ശരീര താപനില അളക്കുകയും യാത്രാവിവരങ്ങളും സമ്പർക്കം പുലർത്തിവരുടെ വിവരങ്ങളും രോഗലക്ഷണങ്ങളും ചോദിച്ചറിയണം. പരിശോധനക്കെത്തുന്നവർ കൂടിക്കലർന്ന് ഇരിക്കാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ മുൻകൂട്ടി അനുമതിയില്ലാത്തവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കരുത്. ക്ലിനിക്കിൽ സാനിറ്റൈസർ, ടിഷ്യൂ, അടച്ചുമൂടിയ മാലിന്യക്കുട്ട തുടങ്ങിയവ സജ്ജമാക്കണം. പ്രതലങ്ങൾ ഇടക്കിടെ അണുമുക്തമാക്കുകയും വേണം. ജീവനക്കാർ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണം തുടങ്ങിയ നിബന്ധനകൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.