കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കള്ളപ്പണ കേസിൽ ബംഗ്ലാദേശ് പാർലമെൻറ് അംഗം ഷാഹിദ് അൽ ഇസ്ലാമിന് കുവൈത്തിൽ 19 ലക്ഷം ദീനാർ പിഴയും നാലുവർഷം തടവും വിധിച്ചു. മുൻ ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി മാസിൻ അൽ ജർറാഹിനെയും കോടതി ശിക്ഷിച്ചു. പാർലമെൻറ് അംഗം സഅദൂൻ ഹമ്മാദ്, മുൻ എം.പി സാലിഹ് ഖുർഷിദ് എന്നിവരെ വെറുതെ വിട്ടു. കഴിഞ്ഞവർഷമാണ് മറാഫി കുവൈത്തിയ ഗ്രൂപ് എം.ഡിയും സി.ഇ.ഒയുമായ ബംഗ്ലാദേശ് എം.പിക്കെതിരെ അന്വേഷണം ആരംഭിച്ചത്. 50 ലക്ഷം ഡോളർ ഇയാൾ കുവൈത്തിൽനിന്ന് അനധികൃതമായ സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
2700 ദീനാർ വരെ ഇൗടാക്കി വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുകയും വാഗ്ദാനം ചെയ്ത ജോലി നൽകാതിരിക്കുകയും ചെയ്തെന്നാണ് ആരോപണം. 20,000ത്തോളം ബംഗ്ലാദേശി തൊഴിലാളികളെയാണ് മൂന്നു കമ്പനികളിലേക്കായി കൊണ്ടുവന്നത്. തൊഴിൽ കരാർ അനുസരിച്ചുള്ള ശമ്പളമോ താമസ സൗകര്യമോ ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ മാസങ്ങളോളം സമരം ചെയ്തു. ജോലിക്ക് ഹാജരാകാതിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ഒളിച്ചോട്ടത്തിന് കേസ് കൊടുക്കുകയും ചെയ്തു. വർഷങ്ങൾക്കുമുമ്പ് ശുചീകരണ തൊഴിലാളിയായി സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ഷാഹിദ് അൽ ഇസ്ലാം ചുരുങ്ങിയ കാലം കൊണ്ടാണ് സ്ഥാപനത്തിെൻറ തലപ്പത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.